പവന്‍ കല്യാണ്‍ അയ്യപ്പന്‍ ആകുമ്പോൾ കോശിയായി റാണ ദഗുബാട്ടി

2020ലെ തുടക്കത്തിൽ റിലീസ് ചെയ്ത മലയാളത്തിലെ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ കഥാപാത്രം ആര് ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായി. തെലുങ്കിൽ അയ്യപ്പനായി പവൻ കല്യാണ്‍ എത്തുമ്പോൾ കോശിയായെത്തുന്നത് റാണാ ദഗുബാട്ടിയാണ്. പവൻ കല്യാണിനൊപ്പം അഭിനയിക്കുന്ന കാര്യം റാണ ദഗുബാട്ടി തന്നെയാണ് അറിയിച്ചത്. മലയാളത്തില്‍ ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ച സിനിമ സംവിധാനം ചെയ്‍തത് സച്ചിയായിരുന്നു. നേരത്തേ കോശിയുടെ റോളിലേക്ക് രവി തേജ, യുവതാരം നിതിന്‍ എന്നിവരെ പരിഗണിച്ചിരുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സിനിമയുടെ ടൈറ്റില്‍ ഗാനം പാടുന്നത് പവൻ കല്യാണ്‍ ആയിരിക്കുമെന്ന സൂചനയുണ്ട്. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു മലയാളത്തില്‍ ടൈറ്റില്‍ ഗാനം പാടിയത്. സാഗ്ര ചന്ദ്ര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ല. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. തെലുങ്കിലെ കൂടാതെ ഹിന്ദിയിലും ചിത്രം റീമേക് ചെയ്യുന്നുണ്ട്.

Top