തമിഴില്‍ അയ്യപ്പനും കോശിയുമാകാന്‍ സൂര്യ കാര്‍ത്തി സഹോദരങ്ങള്‍ ?

പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി രചനയും സംവിധാനവും ചെയ്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും പ്രധാനവേഷങ്ങളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. തമിഴില്‍ പൃഥ്വിരാജ് ചെയ്ത കോശിയുടെ വേഷം കാര്‍ത്തിയും ബിജു മേനോന്‍ ചെയ്ത അയ്യപ്പന്റെ വേഷത്തില്‍ സൂര്യയും എത്തുമെന്നാണ് അഭ്യൂഹങ്ങള്‍.

ആടുകളം, ജിഗര്‍തണ്ട, പൊള്ളാതവന്‍, എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കതിര്‍സേനനാണ് തമിഴ് പതിപ്പ് നിര്‍മിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ചിത്രത്തില്‍ പൃഥ്വിരാജിന്റെ വേഷം ധനുഷും ബിജു മേനോന്റെ വേഷം വിജയ് സേതുപതിയും അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യാനിരിക്കുകയാണ്. ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍നായരുടെ വേഷത്തില്‍ നന്ദമൂരി ബാലകൃഷ്ണയും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ അവകാശം നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാം സ്വന്തമാക്കിയിരുന്നു. ജോണ്‍ അബ്രഹാമിന്റെ ജെ.എ എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

‘ആക്ഷനും, കഥയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കി ഒരുക്കിയ ത്രില്ലിങ്ങ് ആയ ചിത്രം അയ്യപ്പനും കോശിയും. ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ജെ.എ. എന്റര്‍ടെയ്ന്‍മെന്റ് ശ്രമിക്കാറുള്ളത്. ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ നിങ്ങള്‍ക്ക് മികച്ച സിനിമ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു..’ ജോണ്‍ എബ്രഹാം ട്വീറ്റ് ചെയ്തിരുന്നു.

മലയാളത്തില്‍ എസ് ഐ അയ്യപ്പന്‍ നായരായി ബിജു മേനോനും റിട്ടയേര്‍ഡ് ഹവില്‍ ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തിയ ചിത്രം തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

Top