വനിതാ മതിലും . . അയ്യപ്പ ജ്യോതിയും വിജയം, വെട്ടിലായത് യു.ഡി.എഫ് മാത്രം !

യ്യപ്പ ജ്യോതിയിൽ ബി.ജെ.പിയും വനിതാ മതിലിൽ ഇടതുപക്ഷവും വോട്ട് ബാങ്ക് ഉറപ്പിക്കുമ്പോൾ അന്തം വിട്ട് യു.ഡി.എഫ്. ഈ രണ്ട് പരിപാടികൾക്കും ബദലായി ജില്ലാ കേന്ദ്രങ്ങളിൽ യു.ഡി.എഫ് സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് ഏറ്റവും കുറവ് സ്ത്രീകൾ പങ്കെടുത്തത്.

സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായിട്ടും കോൺഗ്രസ്സും ലീഗും കേരള കോൺഗ്രസ്സും ഉൾപ്പെടുന്ന യു.ഡി.എഫിന്റെ വനിതാ മുന്നേറ്റം നനഞ്ഞ പടക്കമായി മാറുകയായിരുന്നു.

ശബരിമല വിവാദം കത്തി പടരവെ ആദ്യം വനിതാ മതിൽ പ്രഖ്യാപിച്ചത് ഇടതു സർക്കാർ ആണെങ്കിൽ പരിപാടി ആദ്യം നടത്തിയത് സംഘ പരിവാർ സംഘടനകളാണ്. ബി.ജെ.പി ഉൾപ്പെടെയുള്ള പരിവാർ സംഘടനകൾ എൻ.എസ്.എസുമായി ചേർന്ന് നടത്തിയ അയ്യപ്പ ജ്യോതിയിൽ ലക്ഷക്കണക്കിനു പേരാണ് പങ്കെടുത്തത്.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീണ്ട അയ്യപ്പ ജ്യോതിയിൽ ഏറിയ പങ്കും സ്ത്രീകളായിരുന്നു.15 ലക്ഷത്തിലധികം പേർ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തതായാണ് സംഘ പരിവാർ നേതൃത്വം അവകാശപ്പെടുന്നത്.

വനിതാ മതിലിൽ 50 ലക്ഷത്തോളം വനിതകൾ പങ്കെടുത്തതായി ഇടതുപക്ഷ നേതാക്കളും അവകാശപ്പെടുന്നുണ്ട്. അവകാശവാദങ്ങൾ എന്തൊക്കെ തന്നെയാണെങ്കിലും ജനകീയ പങ്കാളിത്വം കൊണ്ട് വൻ വിജയമായിരുന്നു ഈ രണ്ട് പരിപാടികളും. സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിന്റെ കരുത്തിൽ വനിതാ മതിൽ വിജയമാകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.

വനിതകൾ ഏറ്റവും കൂടുതൽ അണിനിരന്ന മതിലായതിനാൽ ഗിന്നസ് ബുക്കിലടക്കം പുതിയ ചരിത്രമാണ് വനിതാ മതിൽ എഴുതി ചേർക്കുന്നത്. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമടക്കം എല്ലാ വിഭാഗത്തെയും വനിതാ മതിലിൽ അണിനിരത്താൻ കഴിഞ്ഞത് ഇടതുപക്ഷത്തെ സംബന്ധിച്ച് രാഷ്ട്രീയ നേട്ടമാണ്. പ്രത്യേകിച്ച് ലോകസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ. സംഘപരിവാറിനെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ എന്ന പ്രചരണം വിജയിച്ചതായാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തൽ.

നവോത്ഥാന പേര് പറഞ്ഞാണെങ്കിലും ആത്യന്തികമായി വനിതാ മതിലിൽ സി.പി.എം ലക്ഷ്യമിട്ടത് രാഷ്ട്രിയ ധ്രുവീകരണം തന്നെയാണ്. സംസ്ഥാനത്തെ ഇടത് – വലത് മത്സരം ശക്തമായ ത്രികോണ മത്സരത്തിലേക്ക് പോയാൽ യു.ഡി.എഫ് വോട്ട് ബാങ്ക് തകരുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ.

ശബരിമല വിഷയത്തിൽ യുവതികൾ മലചവിട്ടുന്നതിനെതിരെ നിലപാടുള്ള വിഭാഗത്തിൽ ബി.ജെ.പിയും സംഘപരിവാറും മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞതായാണ് അവർ വിശ്വസിക്കുന്നത്.

കേരളത്തിലെ സംഘടനാപരമായ ശേഷിക്കും അപ്പുറമുള്ള പ്രകടനം തന്നെയാണ് ബി.ജെ.പി അയ്യപ്പ ജ്യോതിയിലൂടെ കാഴ്ചവച്ചതെന്ന് സി.പി.എം വിലയിരുത്തുന്നു. ഇക്കാര്യത്തിൽ എൻ.എസ്.എസ് സംഘ പരിവാറിന് ഒപ്പമുള്ളത് ഒടുവിൽ യു.ഡി.എഫിന്റെ നില പരുങ്ങലിലാക്കുമെന്നാണ് നിഗമനം.

ഭൂരിപക്ഷം വരുന്ന ഈഴവ വോട്ട് ബാങ്ക് ഉറപ്പിച്ച് നിർത്തുന്നതോടൊപ്പം യു.ഡി.എഫിനൊപ്പം നിൽക്കുന്ന ന്യൂനപക്ഷ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുകയാണ് സി.പി.എം തന്ത്രം. മുസ്ലീം സ്ത്രീകളും കന്യാസ്ത്രീകളും അടക്കം വനിതാ മതിലിൽ അണിനിരന്നത് വലിയ ആത്മവിശ്വാസമാണ് ഭരണപക്ഷത്ത് ഉണ്ടാക്കിയിരിക്കുന്നത്.

വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 15 സീറ്റുകളെങ്കിലും നേടുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം.ഇതിനു ശേഷം പിണറായി സർക്കാറിന്റെ ഭരണ തുടർച്ചയും ഇടതു നേതൃത്വം സ്വപ്നം കാണുന്നുണ്ട്.

അതേ സമയം നിലവിലെ സാഹചര്യത്തിൽ രണ്ട് ലോകസഭ സീറ്റിലെങ്കിലും വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.ന്യൂനപക്ഷങ്ങളെ കൂട്ടു പിടിച്ച് നടത്തിയ നവോത്ഥാന മതിലെന്ന് പരിഹസിക്കുന്ന സംഘപരിവാർ, ഹിന്ദു സമൂഹം ബി.ജെ.പിക്കൊപ്പമാണെന്നാണ് അവകാശപ്പെടുന്നത്.

ഹിന്ദു സമൂഹത്തിലെ ഭക്തർ മാത്രം പങ്കെടുത്ത പരിപാടിയാണ് അയ്യപ്പ ജ്യോതിയെന്ന് വിലയിരുത്തുമ്പോൾ അതിന്റെ ശക്തി എന്താണെന്ന് മനസ്സിലാകുമെന്നാണ് പരിവാർ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ചെമ്പടയും കാവി പടയും ഇങ്ങനെ തികഞ്ഞ ആത്മവിശ്വാസത്തിൽ മുന്നോട്ട് പോകുമ്പോൾ ആകെ ആശങ്കയിലാണിപ്പോൾ യു.ഡി.എഫ് നേതൃത്വം.

അയ്യപ്പ ജ്യോതിയിലെയും വനിതാ മതിലിലെയും വലിയ പങ്കാളിത്തമാണ് യു.ഡി.എഫ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ബി.ജെ.പി ചോർത്തുമെന്ന് കോൺഗ്രസ്സ് ഭയക്കുമ്പോൾ ന്യൂനപക്ഷ വോട്ട് ഇടതുപക്ഷം കൊണ്ടു പോകുമെന്ന ഭയത്തിലാണ് മുസ്ലീം ലീഗ്.

ഇടതു മുന്നണിയിൽ ഐ.എൻ.എല്ലിന് പ്രവേശനം നൽകിയതിനു ശേഷം നടന്ന ആദ്യ പരിപാടി ആയിരുന്നു വനിതാ മതിൽ. കാസർഗോഡ് മുസ്ലീം വനിതകൾ മതിലിനായി രംഗത്തിറങ്ങിയതിന് പിന്നിൽ ഐ.എൻ.എല്ലിന്റെയും ഇടപെടൽ ഉണ്ടായിരുന്നു.

ശബരിമല വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാതെ തുടക്കം മുതൽഉരുണ്ടു കളിച്ചതാണ് കോൺഗ്രസ്സിനും യു.ഡി.എഫ് മുന്നണിക്കും തിരിച്ചടി ആയത്.എൻ.എസ്.എസ് അകന്നതാണ് അതിൽ പ്രധാനം. യു.ഡി.എഫ് നേതാക്കളുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും പ്രഹസനമായി മാറുകയും ചെയ്തു. വനിതാ സംഗമത്തിന്റെ പരാജയത്തോടെ അത് പൂർണ്ണമായി.

INL

മുഖ്യ പ്രതിപക്ഷമെന്ന നിലയിൽ പരാജിതരുടെ റോളാണ് യു.ഡി.എഫിന് നിയമസഭക്ക് അകത്തും പുറത്തും നിലവിലുള്ളത്.സർക്കാറിനെതിരെ ഫലപ്രദമായ ഒരു സമരം പോലും നടത്താൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല.ഇത് പൊതുസമൂഹത്തിനിടയിലും യു.ഡി.എഫിന്റെ പ്രതിച്ഛായ മോശമാക്കാൻ മറ്റൊരു കാരണമാണ്.

യു.ഡി.എഫ് വോട്ട് ബാങ്ക് ഭിന്നിച്ചാൽ അത് ആത്യന്തികമായി ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക എന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയാവട്ടെ തിരുവനന്തപുരം ഉൾപ്പെടെയുള്ള സീറ്റുകളിൽ അട്ടിമറി വിജയം നേടുമെന്ന വലിയ പ്രതീക്ഷയിലാണ് കരുക്കൾ നീക്കുന്നത്.

Top