കേരളത്തില്‍ ബിഡിജെഎസ് എൻഡിഎയുടെ ഭാഗം, തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്ന് കണ്ണന്താനം

Kannanthanam

തിരുവനന്തപുരം: അയ്യപ്പ ജ്യോതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്തു കൊണ്ട് പങ്കെടുത്തില്ലെന്ന കാര്യം അറിയില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.കേരളത്തില്‍ ബിഡിജെഎസ് എൻഡിഎയുടെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചെലവിലല്ല വനിതാ മതില്‍ പണിയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അയ്യപ്പജ്യോതിയില്‍ നിന്നും തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. ഉച്ചയ്ക്കാണ് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്.

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശബരിമല കര്‍മ്മ സമിതിയും ബി ജെപിയും അയ്യപ്പ ജ്യോതി തെളിയിച്ചത്. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകിട്ട് ആറിനായിരുന്നു അയ്യപ്പ ജ്യോതി തെളിയിച്ചത്. എന്‍എസ്എസ് ജ്യോതി തെളിയിക്കലിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

പതിനാല് ജില്ലകളിലെ 97 കേന്ദ്രങ്ങളിലാണ് അയ്യപ്പ ജ്യോതി തെളിയിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള , ഒ.രാജഗോപാല്‍ എം.എല്‍.എ, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ലിംഗനീതിക്ക് വേണ്ടിയുള്ള സര്‍ക്കാറിന്റെ വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ജ്യോതി തെളിയിച്ചത്.

Top