മണി ഹയ്സ്റ്റിന്റെ ഇന്ത്യന്‍ പതിപ്പില്‍ പ്രൊഫസറാകാന്‍ വിജയ്, അല്ലെങ്കില്‍ ആയുഷ്മാന്‍ ഖുറാന

ഇന്ത്യയിലടക്കം ആരാധകരെ ഉണ്ടാക്കിയ മണി ഹയ്സ്റ്റ് എന്ന സ്പാനിഷ് ക്രൈം ഡ്രാമ സിരീസിന്റെ നാലാം സീസണ്‍ ലോക്ക്ഡൗണിനിടെയാണ് എത്തിയത്. ഇന്ത്യയില്‍ ആ സമയത്ത് ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ടെലിവിഷന്‍ സിരീസ് വെറെ ഉണ്ടാകില്ലെന്ന് തന്നെ പറയാം. പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള, സിരീസിലെ തങ്ങളുടെ പ്രിയ കഥാപാത്രങ്ങളെ ഇന്ത്യന്‍ സിനിമയിലെ തങ്ങളുടെ പ്രിയതാരങ്ങളായി കാണാനുള്ള ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ അനേകംപേര്‍ പങ്കുവച്ചിരുന്നു.

ആയുഷ്മാന്‍ ഖുറാനയെപ്പോലെ ചില താരങ്ങളും സമാന ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. മണി ഹയ്സ്റ്റിന് ഒരു ഇന്ത്യന്‍ റീമേക്ക് ഉണ്ടാവുമോ എന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ആസ്വാദകര്‍ക്കിടയില്‍ നടന്നിരുന്നു. ഇനി അങ്ങനെയെങ്ങാനും നടന്നാലോ? അങ്ങനെയൊരു റീമേക്ക് വന്നാല്‍ ആരാവും പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുക? കൗതുകകരമായ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, ഷോയുടെ സംവിധായകന്‍ അലക്‌സ് റോഡ്രിഗോ തന്നെയാണ്.

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അലക്‌സ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് രസകരമായ തെരഞ്ഞെടുപ്പുകള്‍ നടത്തിയത്. അഭിമുഖകാരന്‍ കാണിച്ച താരങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് ഓരോ കഥാപാത്രങ്ങളുടെയും അപ്പിയറന്‍സിന് യോജിക്കുന്നവരെ തെരഞ്ഞെടുക്കുകയായിരുന്നു സംവിധായകന്‍.

ഒരു ഇന്ത്യന്‍ റീമേക്ക് വന്നാല്‍ പ്രൊഫസറുടെ റോളിലേക്ക് താന്‍ കാസ്റ്റ് ചെയ്യുക വിജയ്‌യെ ആയിരിക്കുമെന്ന് അലക്‌സ് റോഡ്രിയോ പറഞ്ഞു. വിജയ്‌യെപ്പോലെ ആയുഷ്മാന്‍ ഖുറാനയും പ്രൊഫസറുടെ വേഷത്തിലേക്ക് അനുയോജ്യനായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ബൊഗോട്ടയുടെ റോളിലേക്ക് അജിത്ത് യോജ്യനായിരിക്കുമെന്ന് പറഞ്ഞ അലക്‌സ് ബെര്‍ലിനായി ഷാരൂഖ് ഖാനും നന്നായിരിക്കുമെന്ന് പറഞ്ഞു. ഡെന്‍വര്‍- രണ്‍വീര്‍ സിംഗ്, ടമായൊ- മഹേഷ് ബാബു എന്നിങ്ങനെയാണ് അലക്‌സിന്റെ മറ്റു തെരഞ്ഞെടുപ്പുകള്‍.

Top