ആയുഷ്മാന്‍ ഭാരതിന്റെ പ്രഖ്യാപിത നയങ്ങള്‍ അപ്രായോഗികമെന്ന് പഠനങ്ങള്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടിയ പ്രധാനപ്പെട്ട പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. 2022 ആകുമ്പോഴേക്കും ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പദ്ധതിയ്ക്ക് സാധിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണെന്നും നിര്‍ദ്ദേശങ്ങള്‍ അപര്യാപ്തമാണെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി പ്രകാരമുള്ള ഒരു ആനുകൂല്യങ്ങളും 62.58% ആളുകള്‍ക്കും ലഭിച്ചിട്ടില്ല. 50 കോടി ആളുകള്‍ക്ക് (38%) മാത്രമാണ് എന്തെങ്കിലും തരത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമായത്. 32.87 ശതമാനം അര്‍ഹതപ്പെട്ടവരും ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമേയല്ല.

പ്രാവര്‍ത്തികവും വസ്തുതാപരവുമായ നിരവധി പ്രശ്‌നങ്ങള്‍ പദ്ധതി നേരിടുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ശരാശരി ആശുപത്രിയിലാകുന്ന ആളുകളുടെ എണ്ണം കുടുംബത്തില്‍ 0.15 ശതമാനവും ജാര്‍ഖണ്ഡില്‍ 0.03 ശതമാനവുമാണ് എന്നാല്‍ ചെലവു വച്ചു നോക്കുമ്പോള്‍ കേരളത്തിലേത് 3,731 ഉം ജാര്‍ഖണ്ഡിലേത് 5,919 ഉം ആണ്. അതിനാല്‍ ആരോഗ്യ പരിരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തില്‍, അത് നിര്‍ണ്ണയിക്കേണ്ടതിന്റെ കാര്യത്തില്‍ വ്യക്തതയില്ല.

സൗകര്യങ്ങളുടെ കാര്യത്തിലും കേരളം വളരെ മുന്നിലാണ്. മറ്റ് പല സംസ്ഥാനങ്ങളിലും സ്വകാര്യ നഴ്‌സിംഗ് ഹോമുകളാണ് പണം വാരുന്നത്. ചികിത്സ എപ്പോഴും എല്ലായിടത്തും ലഭ്യമാകുന്ന ഒന്നല്ല.

150,000 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. വീടിനടുത്തു തന്നെ ചികിത്സ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. നിലവില്‍ എല്ലാ സംസ്ഥാനങ്ങളിലെയും നില അതീവ ഗുരുതരം തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ഉള്ളതും ആവശ്യമുള്ളതുമായ ചികിത്സാ കേന്ദ്രങ്ങളുടെ അന്തരം വളരെ വലുതാണ്. ജീവനക്കാരുടെ കാര്യത്തിലും വലിയ നിയമനങ്ങള്‍ നടത്തേണ്ടി വരും. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 82 ശതമാനത്തോളം അധികം ജീവനക്കാര്‍ (ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ അടക്കം) ഇനിയും ആവശ്യമുണ്ടെങ്കിലേ പ്രധാനമന്ത്രിയുടെ ‘സ്വപ്നത്തിലേയ്ക്ക്’ എത്താന്‍ സാധിക്കൂ എന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.

10.74 കോടി ആളുകള്‍ക്ക് ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായം ഉറപ്പു വരുത്തുമെന്ന് പദ്ധതി പ്രഖ്യാപനത്തില്‍ പറയുന്നു. അഞ്ച് ലക്ഷം രൂപയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ലഭ്യമാകുക എന്നാണ് വാഗ്ദാനം.

Top