പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് സുഖചികിത്സ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സിപിഎം പ്രാദേശിക നേതാവിന് ജയിലിൽ ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാകാൻ നിർദേശം. നാളെ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് സിബിഐ കോടതി നിർദേശം നൽകിയത്.

പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ പീതാംബരനാണ് 40 ദിവസത്തെ ആയുർവേദ ചികിത്സ നൽകിയത്. ഇപ്പോൾ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് പീതാംബരൻ.

പീതാംബരന് അസുഖമായതിനാൽ ചികിത്സിക്കാൻ ഇക്കഴിഞ്ഞ ഒക്ടോബർ 14 നാണ് ജയിൽ ഡോക്ടറോട് ജയിൽ സൂപ്രണ്ട് ആവശ്യപ്പെട്ടത്. പരിശോധനയ്ക്ക് ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർ റിപ്പോർട്ട് നൽകി. തുടർന്ന് 24 ന് ജയിൽ സൂപ്രണ്ട് കോടതിയുടെ അനുമതിയില്ലാതെ സ്വന്തം നിലയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

ഈ മെഡിക്കൽ ബോർഡ് ആണ് പിതാംബരന് 40 ദിവസത്തെ ആശുപത്രിയിൽ കിടത്തി ചികിത്സ നൽകാൻ റിപ്പോർട്ട് നൽകിയത്. നടുവേദനയും മറ്റ് അസുഖങ്ങളും ഉള്ളതിനാലാണ് പീതാംബരൻ ചികിത്സ തേടിയത്. കോടതി അനുവാദമില്ലാതെ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ നടത്തിയതിലാണ് സിബിഐ കോടതി വിശദീകരണം തേടിയത്.

Top