ആയുർവേദ, സിദ്ധ, യൂനാനി കോഴ്സ് പ്രവേശനം; ഹർജി സുപ്രീം കോടതി ഹൈക്കോടതിക്ക് വിട്ടു

ദില്ലി : കേരളത്തിലെ ആയുർവേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കേരളത്തിൽ ഒരു തവണ കൂടി അലോട്ടമെന്റ് നടത്തണമെന്ന ഹർജി ഹൈക്കോടതിക്ക് വിട്ട് സുപ്രീം കോടതി. പ്രവേശന തീയ്യതി നീട്ടണമെന്നും ഒരു അലോട്ട്മെന്റ് കൂടി നടത്തണമെന്നും കാട്ടിയാണ് പതിനൊന്ന് സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളേജുകളും, സിദ്ധ, യൂനാനി സ്വാശ്രയ കോളേജുകളും ഉൾപ്പെടുന്ന സംഘടനയാണ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചിരുന്നു.

അതേസമയം പ്രവേശനത്തിനുള്ള തീയതി അടുത്ത മാസം പതിനാല് വരെ കേന്ദ്രം നീട്ടി. എന്നാൽ അലോട്ട്മെന്റ് അവസാനിച്ചെന്നും വീണ്ടും നടത്താനാകില്ലെന്നും സംസ്ഥാനം നിലപാട് കോടതിയെ അറിയിച്ചു. നേരത്തെ ഹൈക്കോടതിയും ഹർജിക്കാരുടെ ആവശ്യം തള്ളിയിരുന്നു. എന്നാൽ പ്രവേശന തീയ്യതി കേന്ദ്രം നീട്ടിയ സാഹചര്യത്തിൽ അലോട്ട്മെന്റ് നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേരള ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകുകയായിരുന്നു. തിങ്കളാഴ്ച്ച തന്നെ ഇതുസംബന്ധിച്ച ഹർജിയിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകി.

പ്രവേശന തീയതി നീട്ടിയില്ലെങ്കിൽ ആകെയുള്ള 750 സീറ്റുകളിൽ 484 എണ്ണവും ഒഴിഞ്ഞ് കിടക്കുമെന്ന് കോളേജുകൾ കോടതിയിൽ വാദിച്ചത്. കേരളത്തിന് പുറത്തുള്ള വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നും കോളേജുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ പ്രവേശനത്തിന് 50 ശതമാനം മാർക്ക് വേണമെന്ന നിബന്ധനയിൽ ഇളവ് വേണമെന്നും കോളേജുകൾ ആവശ്യപ്പെടുന്നുണ്ട്. സ്വാശ്രയ കോളേജുകളുടെ സംഘടനയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകരായ പി വി ദിനേശ്, പി എസ് സുൽഫീക്കർ അലി എന്നിവർ ഹാജരായി.സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കർ ഹാജരായി.

Top