അയോധ്യ; വിധി വരട്ടെ, സമാധാനത്തോടെ സ്വീകരിക്കണം, മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ ഇന്ന് നിര്‍ണായക സുപ്രീംകോടതി വിധി വരാനിരിക്കെ രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്. ഭരണകൂടവും രാഷ്ട്രീയ ആത്മീയ നേതാക്കളും ക്രമസമാധാനനിലയും മതേതരഐക്യവും കാത്തുസൂക്ഷിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും സമാധാനത്തിന് അഹ്വാനം ചെയ്ത് രംഗത്ത് വന്നിരിക്കയാണ്. ട്വിറ്ററിലൂടെയാണ് മോഹന്‍ ഭാഗവതിന്റെ ആഹ്വാനം. ഇതോടൊപ്പം വിധി പുറത്തുവന്നതിന് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് മോഹന്‍ ഭാഗവത് വിധിയോട് പ്രതികരിക്കുമെന്നും മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് 10.30 തോടെയാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുക. വിധി വരുന്നതിന് പിന്നാലെ രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് അയോധ്യ വിധിയെ മുന്‍നിര്‍ത്തി ഒരുക്കിയിരിക്കുന്നത്. അയോധ്യയില്‍ മാത്രമായി 5000ത്തോളം സുരക്ഷാ ഭടന്മാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഉത്തര്‍ പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതികരണങ്ങളില്‍ സംയമനം പാലിക്കണമെന്നും പ്രകോപനപരമായ പ്രതികരണങ്ങള്‍ പാടില്ലെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് കോണ്‍ഗ്രസും നിര്‍ദ്ദേശം നല്‍കി.

Top