വീണ്ടും ‘കർസേവക്കൊരുങ്ങി’ കാവിപ്പട ! മോദിക്ക് ഇനി നിർണ്ണായക നാളുകൾ . . .

മോഡി ഇപ്പോള്‍ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന ആര്‍.എസ്.എസ് മേധാവിയുടെ പ്രഖ്യാപനമാണ് മോദിയെ പ്രതിരോധത്തിലാക്കുന്നത്.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ എന്ത് സാഹസം കേന്ദ്ര സര്‍ക്കാര്‍ കാട്ടിയാലും അത് വലിയ തിരിച്ചടിയായി മാറും. എന്നാല്‍ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന നിലപാടിലാണ് ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും മുന്നോട്ട് പോകുന്നത്.

അയോധ്യയിലെ ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചതും ആര്‍.എസ്.എസിന്റെ മനസറിഞ്ഞാണ്. സ്ഥലം ക്ഷേത്രത്തിനായി വിട്ടുനല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി ആവശ്യമില്ലെന്നും പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഭൂമി വിട്ടുകൊടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ചൂണ്ടികാട്ടിയാണ് സ്വാമി കത്ത് നല്‍കിയിരിക്കുന്നത്.

സോണിയാ ഗാന്ധിയുടെ കടുത്ത വിമര്‍ശകനായിരുന്ന ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമിയെ ബി.ജെ.പിയില്‍ എത്തിച്ച് രാജ്യസഭാ അംഗമാക്കിയത് ആര്‍.എസ്.എസ് നേതൃത്വമാണ്. ആര്‍.എസ്.എസിന്റെ നിലപാടനുസരിച്ചാണ് സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും വിലയിരുത്തുന്നത്. അതിനാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഇനി പിന്നോട്ടുപോകാന്‍ മോഡിക്കും കഴിയില്ല.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിയെ എല്‍.കെ അദ്വാനിയെ തഴഞ്ഞ് പ്രധാനമന്ത്രിയാക്കിയതും രണ്ടാം വട്ടവും പ്രധാനമന്ത്രിപദത്തില്‍ അവരോധിച്ചതും ആര്‍.എസ്.എസിന്റെ സംഘടനാ ശക്തി ഒന്നുകൊണ്ടുമാത്രമാണ്. ആര്‍.എസ്.എസ് പ്രചാരകനായിരുന്ന മോഡിക്ക് ആര്‍.എസ്.എസ് സര്‍സംഘ്ചാലകിന്റെ വാക്കുകള്‍ മുഖവിലക്കെടുത്തില്ലെങ്കില്‍ രാഷ്ട്രീയ വനവാസം അനുഭവിക്കുന്ന അദ്വാനിയുടെ ഗതിയായിരിക്കും ഉണ്ടാവുക.

ലോക്‌സഭയില്‍ കേവലം രണ്ട് എം.പിമാരുണ്ടായിരുന്ന ബി.ജെ.പിക്ക് കേന്ദ്ര ഭരണം നേടിക്കൊടുത്തത് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള പ്രക്ഷോഭങ്ങളാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയുടെ കോര്‍ഡിനേറ്ററായിരുന്നു നരേന്ദ്രമോഡി. അദ്വാനിയുടെ രഥയാത്ര ഉയര്‍ത്തിയ ഹിന്ദുത്വവികാരമാണ് വാജ്‌പേയിയെ ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയാക്കിയാക്കാന്‍ വഴിയൊരുക്കിയിരുന്നത്.

രാമക്ഷേത്ര നിര്‍മ്മാണം മുദ്രാവാക്യമാക്കി തീവ്രഹിന്ദുത്വം ഉയര്‍ത്തിയതോടെ 2014ല്‍ മോഡിയും പ്രധാനമന്ത്രിയായി. 2019തില്‍ ഹിന്ദുത്വ ഏകീകരണത്തോടൊപ്പം ദേശീയ വികാരവും ഉയര്‍ത്തിയാണ് ആര്‍.എസ്.എസ് എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച് മോഡിയെ രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അലഹബാദില്‍ ആര്‍.എസ്.എസ് ധര്‍മ്മ സന്‍സദില്‍ മോഹന്‍ഭാഗവത് മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ജോലികള്‍ സര്‍ക്കാര്‍ ആരംഭിച്ചില്ലെങ്കില്‍ നാലു മാസത്തിനു ശേഷം പണികള്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഫെബ്രുവരി ഒന്നിന് മോഹന്‍ഭാഗവത് നടത്തിയ പ്രഖ്യാപന കാലാവധി മെയ് മാസത്തോടെ കഴിഞ്ഞിരിക്കുന്നു. ഇനി ജൂണില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കേണ്ടതാണ്. പ്രസംഗത്തിനിടെ രാമക്ഷേത്ര നിര്‍മ്മാണ ആവശ്യം ഉയര്‍ത്തി അണികള്‍ പ്രതിഷേധിച്ചതോടെയാണ് അവര്‍ വോട്ടിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും വിശ്വാസം കണക്കിലെടുത്ത് രാമക്ഷേത്രം പണിയുകതന്നെ ചെയ്യുമെന്നും മോഹന്‍ഭാഗവത് വ്യക്തമാക്കിയത്. ഈ തീരുമാനം മൂന്നു നാല് മാസത്തിനകം ഉണ്ടായാല്‍ നല്ലത്. ഇല്ലെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണം നാലു മാസത്തിനു ശേഷം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

അയോധ്യയില്‍ രാമക്ഷേത്രത്തിന് നിയമനിര്‍മ്മാണം നടത്തണമെന്ന ആര്‍.എസ്.എസ് ആവശ്യം പാലിക്കാന്‍ മോഡിക്ക് കഴിഞ്ഞിരുന്നില്ല. രാജ്യസഭയില്‍ എന്‍.ഡി.എ ന്യൂനപക്ഷമായതിനാല്‍ നിയമനിര്‍മ്മാണം സാധ്യമാകുമോ എന്ന ആശങ്കയായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ഇപ്പോള്‍ 303 എം.പിമാരുമായി ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷവും രാജ്യസഭയില്‍ ഭൂരിപക്ഷത്തിനുള്ള രാഷ്ട്രീയ സാഹചര്യവും ഒത്തുവന്നിരിക്കുകയാണ്. ഇതോടെയാണ് തെരഞ്ഞെടുപ്പ് വിജയ ശേഷവും രാമക്ഷേത്രം ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്.

mohanbagavath

mohanbagavath

രാജസ്ഥാനിലെ ഉദയ്പൂരില്‍ വച്ചാണ് രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ‘അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് നമ്മുടെ ജോലിയാണ്. രാമന്‍ നമുക്കുള്ളില്‍ ജീവിക്കുന്നു. അതിനാല്‍ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. അത് നാം തന്നെ പ്രാവര്‍ത്തികമാക്കണം. ഇനി മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുകയാണെങ്കില്‍ നമ്മുടെ കണ്ണ് അതില്‍ എപ്പോഴും ഉണ്ടായിരിക്കണം”- മോഹന്‍ഭാഗവതിന്റെ വാക്കുകള്‍ നരേന്ദ്രമോഡിക്കുള്ള മുന്നറിയിപ്പു കൂടിയാണ്.

രാഷ്ട്രീയ സ്വയം സേവക് എന്ന ആര്‍.എസ്.എസിന്റെ സംഘപരിവാര്‍ സംഘടനകളില്‍ ഒന്നുമാത്രമാണ് ബി.ജെ.പി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തില്‍ പ്രതികൂട്ടിലായിട്ടും ബി.ജെ.പി എന്ന രാഷ്ട്രീയമുഖത്തെ ഉപയോഗിച്ച് ഇന്ത്യയുടെ ഭരണം പിടിക്കാന്‍ ആര്‍.എസ്.എസിനു കഴിഞ്ഞു. അധികാരത്തിന്റെ അഹന്തയില്‍ ആര്‍.എസ്.എസിനേക്കാള്‍ വലുതായെന്നു ധരിച്ച് നാഗ്പൂര്‍ ആസ്ഥാനത്തുനിന്നുള്ള സര്‍സംഘ്ചാലകിന്റെ വാക്കുകള്‍ ധിക്കരിച്ചവരെയെല്ലാം കാത്തിരുന്നത് രാഷ്ട്രീയ വനവാസമായിരുന്നു. എല്‍.കെ അദ്വാനിയിലൂടെ ഇത് ആര്‍.എസ്.എസ് മുന്‍പേ തെളിയിച്ചിട്ടുണ്ട്.

ആര്‍.എസ്.എസിന്റെ വാക്കുകേള്‍ക്കാതെ പാക്കിസ്ഥാനില്‍ പോയി മുഹമ്മദലി ജിന്നയെ വാഴ്ത്തിയ അദ്വാനിക്ക് പ്രധാനമന്ത്രി സ്ഥാനവും ഒടുവില്‍ എം.പി സ്ഥാനം പോലും നഷ്ടമായി. അദ്വാനിയുടെ ഒഴിവിലേക്ക് ആര്‍.എസ്.എസ് ഉയര്‍ത്തികൊണ്ടുവന്ന മോഡിയും അധികാരത്തിന്റെ അഹന്തയില്‍ രാമക്ഷേത്ര നിര്‍മ്മാണമെന്ന ആര്‍.എസ്.എസിന്റെ ആവശ്യത്തോട് മുഖംതിരിച്ചാല്‍ മറിച്ചായിരിക്കില്ല അനുഭവം. ഇത് മറ്റാരെക്കാളും തിരിച്ചറിയുന്ന മോഡി പ്രതിപക്ഷത്തെ രാഹുല്‍ഗാന്ധിയേക്കാള്‍ ഭയക്കുന്നതും ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവതിന്റെ വാക്കുകളെയാണ്.

മതേതര ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്നതാണ് സംഘപരിവാറിലെ ഈ സംഭവ വികാസങ്ങള്‍. സുപ്രീം കോടതി നിര്‍ദ്ദേശത്തിന് കാത്ത് നില്‍ക്കാതെ നടക്കുന്ന അണിയറ നീക്കങ്ങളില്‍ ന്യൂനപക്ഷങ്ങളും ഇപ്പോള്‍ വലിയ ആശങ്കയിലാണ്.

Top