അഞ്ചേക്കര്‍ ഭൂമി വേണ്ട; മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും

ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും. പള്ളി നിര്‍മ്മിക്കാനുള്ള അഞ്ചേക്കര്‍ സ്വീകരിക്കേണ്ടെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ലക്‌നൗവില്‍ നടക്കുന്ന നിര്‍ണ്ണായക യോഗം സുന്നി വഖഫ് ബോര്‍ഡ് ബഹിഷ്‌ക്കരിച്ചു.

അതേസമയം, പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരുന്നു. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിയിലൊരാളായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ നിന്നും സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷനും ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിയും വിട്ടു നിന്നത് ശ്രദ്ധേയമായി.

മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഈ കേസില്‍ കക്ഷിയല്ല. പക്ഷെ മുസ്ലീം വിഭാഗത്തിലുള്ള എട്ട് കക്ഷികള്‍ ഈ കേസിന്റെ ഭാഗമായിട്ടുണ്ട്. ഇതില്‍ രണ്ട് കക്ഷികളായ മുഹമ്മദ് ഹാഷിം അന്‍സാരിയും മുസ്ലീം വഖഫ് ബോര്‍ ഡും കേസില്‍ പുനഃപരിശോധന ഹര്‍ജിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മറ്റ് ആറ് കക്ഷികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നീക്കത്തിലേക്കാണ് ഇപ്പോള്‍ മുസ്ലീം വ്യക്തിനിയമബോര്‍ഡ് പോകുന്നത്.

സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചര്‍ച്ചയാണ് യോഗത്തിലുയര്‍ന്നത്. സുപ്രീം കോടതി വിധി പ്രകാരം നല്‍കാമെന്ന് പറഞ്ഞിരിക്കുന്ന അഞ്ചേക്കര്‍ ഭൂമി വേണ്ടെന്ന് വെക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ജംഇയത്തുല്‍ ഉലമ ഹിന്ദ് എന്ന സംഘടന മാത്രമാണ് പുനഃപരിശോധന ഹര്‍ജിക്കെതിരായ നിലപാടെടുത്തത്. ഇതോടെ അയോധ്യ വിഷയത്തിലെ കോടതി നടപടികള്‍ ഇനിയും തുടരാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

യോഗത്തില്‍ പങ്കെടുത്ത ഇ.ടി മുഹമ്മദ് ബഷീര്‍, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ പുനഃപ്പരിശോധന ഹര്‍ജിക്കായി വാദിച്ചു. ഈ മാസം ഒമ്പതിനാണ് സുപ്രീംകോടതി വിധി വന്നത്. തര്‍ക്ക ഭൂമി ക്ഷേത്ര നര്‍മാണത്തിന് വിട്ട് നല്‍കുകയും മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കിക്കൊണ്ടുമായിരുന്നു സുപ്രീംകോടതി വിധി വന്നത്.

Top