മതസ്പര്‍ധ ഉണ്ടാക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ്; എം സ്വരാജ് എംഎല്‍എക്കെതിരെ ഡിജിപിയ്ക്ക് പരാതി

തിരുവന്തപുരം: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട എം സ്വരാജ് എംഎല്‍എക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്.

‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?’ എന്നായിരുന്നുഅയോധ്യ വിധിക്ക് പിന്നാലെയുള്ളഎം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എം സ്വരാജിന്റെ ഫേസ് ബുക്കിലെ പോസ്റ്റ് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയും വിദ്വേഷവും ഉണ്ടാക്കുന്നതാണന്നും പ്രകാശ് ബാബു പരാതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, അയോധ്യ വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് കൊച്ചിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.വര്‍ഗ്ഗീയമായി പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെയാണ് പൊലീസ് കേസൈടുത്തിരിക്കുന്നത്. കേരള പൊലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ പോസ്റ്റിടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.

Top