രാമക്ഷേത്രത്തിൽ ‘പ്രാണപ്രതിഷ്ഠ’; പഴുതടച്ച സുരക്ഷയൊരുക്കാൻ അയോധ്യ

അയോധ്യ : ജനുവരി 22ന് രാമക്ഷേത്രത്തിൽ ‘പ്രാണപ്രതിഷ്ഠ’ നടക്കുമ്പോൾ അയോധ്യ കനത്ത സുരക്ഷാവലയത്തിലാകും. മനുഷ്യശേഷിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പഴുതടച്ച സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്. ഇതിനൊപ്പം ചടങ്ങിന്റെ വിജയത്തിനായി ഉത്തർ പ്രദേശ് പൊലീസ് എല്ലാ മത സംഘടനകളുടെയും പിന്തുണ തേടിയതായും റിപ്പോർട്ടുണ്ട്.

നിർമിതബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന ക്യാമറകൾ, ഡ്രോണുകൾ തുടങ്ങിയവ വിന്യസിച്ചാണു സുരക്ഷയൊരുക്കുക. ‘‘പ്രാണപ്രതിഷ്ഠാ ചടങ്ങ് വിജയിപ്പിക്കണം. സംസ്ഥാനത്തെയോ കേന്ദ്രത്തിലെയോ സുരക്ഷാ ഏജൻസികൾക്കു പ്രശ്നമാകുന്ന സംഭവങ്ങളൊന്നും ഇപ്പോഴില്ല, രാജ്യാന്തര ഭീഷണികളുമില്ല. അയോധ്യ ഭരണകൂടം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.’’– മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.

പ്രതിഷ്ഠാചടങ്ങിനിടെ ക്ഷേത്രവും പരിസരവും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണ വലയത്തിലാകും. ഇതിനായി ഏറ്റവും മികച്ച സാങ്കേതികവിദ്യകളാണ് ഉത്തർപ്രദേശ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. നഗരത്തിലെ മുഴുവൻ നീക്കങ്ങളും എഐ ക്യാമറ ഒപ്പിയെടുക്കും. ആളുകളുടെ മുഖം വ്യക്തമാകുന്നതും ഡേറ്റാബേസിൽ സൂക്ഷിക്കാനും ആവശ്യം വന്നാൽ വീണ്ടെടുക്കാനും സാധിക്കുന്നതുമായ ക്യാമറകളാണിത്. ആകാശ നിരീക്ഷണത്തിനായി ഡ്രോണുകളും വിന്യസിക്കും. കുഴിബോംബും മറ്റും കണ്ടെത്താവുന്നതും എഐ ഡേറ്റയിൽ പ്രവർത്തിക്കുന്നതുമായ ആന്റി–മൈൻ ഡ്രോണുകളും ഇക്കൂട്ടത്തിലുണ്ട്.

അയോധ്യയിലാകെ 10,000 സിസിടിവി സ്ഥാപിക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പല ഭാഷകൾ അറിയുന്ന പൊലീസുകാരെ യൂണിഫോമിലല്ലാതെ വേദിയിലും പരിസരത്തും നിയോഗിക്കും. യുപി പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡും നൂറോളം സ്നൈപ്പർമാരും സദാ ജാഗരൂകരായി രംഗത്തുണ്ടാകും. 10 ആന്റി ബാലിസ്റ്റിക് വാഹനങ്ങളും നഗരത്തിന്റെ പലയിടങ്ങളിലായി നിലയുറപ്പിക്കും.

Top