അയോധ്യ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് എസ്ഡിപിഐ

കോഴിക്കോട്: സുപ്രീം കോടതി പുറപ്പെടുവിച്ച അയോധ്യ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ട് ഓഫ് ഇന്ത്യ(എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് എംകെ ഫൈസി. നീതി നിഷേധത്തിനെതിരെയുള്ള പ്രതിഷേധമറിയിച്ചും കോടതി വിധിക്കെതിരായ ജനവികാരം അറിയിക്കാനും രാഷ്ട്രപതിക്ക് കത്തയക്കല്‍ ക്യാമ്പയിന്‍ നടത്തുമെന്നും ഫൈസി അറിയിച്ചു. അനീതി അവസാനിപ്പിക്കുക, ബാബ്‌രി മസ്ജിദ് പുന:സ്ഥാപിക്കുക, ബാബ്‌രി മസ്ജിദ് തകര്‍ത്തവരെ ജയിലിലടക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ഡിസംബര്‍ ആറിന് നടത്താറുള്ള പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അയോധ്യ വിധിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കേണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചു.ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഈ മാസം 13നാണ് മീറ്റിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇത് 26ലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ വിധി അനികൂലമാകാന്‍ ഏത് അറ്റം വരെയും പോകുമെന്ന് ഇക്കൂട്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. അതേസമയം യോഗത്തില്‍ പങ്കെടുത്ത ഏഴ് പേരില്‍ ഒരാള്‍ മാത്രമാണ് എതിര്‍പ്പ് രേഖപ്പെടുത്തിയതെന്നും അന്തിമ തീരുമാനം ബോര്‍ഡ് ഐക്യകണ്‌ഠേന എടുത്തതാണെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗം അബ്ദുള്‍ റസാഖ് ഖാന്‍ അറിയിച്ചു. എന്നാല്‍ കോടതി വിധിയില്‍ പരാമര്‍ശിച്ച പോലെ പള്ളിക്കായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയുടെ കാര്യം യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

നവംബര്‍ 9നാണ് അയോധ്യ കേസില്‍ സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. തര്‍ക്കം നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി രാം ലല്ലക്ക് കൈമാറണമെന്നായിരുന്നു കോടതിയുടെ വിധി. ഇതിനൊപ്പം സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാനായി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു.

Top