അയോധ്യ രഥയാത്രയ്ക്ക് സമാനമായി ‘അയ്യപ്പരഥം’ ഉരുട്ടാന്‍ ബിജെപി ഒരുക്കം തുടങ്ങി

ല്‍.കെ. അദ്വാനി നയിച്ച അയോധ്യരഥയാത്രയുടെ മാതൃകയില്‍ അയ്യപ്പ രഥയാത്ര നടത്തി കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബിജെപി നീക്കങ്ങള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. എല്ലാ സംഘപരിവര്‍ സംഘടനകളുടെയും പരമാവധി പങ്കാളിത്തം രഥയാത്രയില്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയ്ക്കുള്ളില്‍ തുടങ്ങിക്കഴിഞ്ഞു.

ശബരിമല വിഷയത്തില്‍ കേരളത്തിലെ ഹിന്ദു സമൂഹത്തില്‍ ഉണ്ടായ അനുകൂല തരംഗം രാഷ്ട്രീയമായി മുതലെടുക്കുകയാണ് രഥയാത്രയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ സന്യാസിമാരെയും യാത്രയില്‍ പങ്കെടുപ്പിക്കും. രാജ്യത്തെ സംഘപരിവാറിന്റെ സ്വാധീനവും കേന്ദ്രഭരണത്തിന്റെ പിന്‍ബലവും യാത്രയില്‍ പ്രതിഫലിപ്പിക്കും. സമുദായിക സംഘടനകളുടെ പിന്തുണയും ഉറപ്പാക്കും. ഇതിനായി ബിജെപി നേതാക്കന്മാര്‍ സാമുദായിക സംഘടന നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും സന്ദര്‍ശിക്കുകയാണ്.

സ്വാമിയേ ശരണമയ്യപ്പാ എന്ന് ഉച്ചത്തില്‍ ശരണം വിളിച്ചാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം കണ്ണൂരില്‍ തുടങ്ങിയത്. ശബരിമലയുമായി ബന്ധപ്പെട്ട് അമിത് ഷാ നടത്തിയ പ്രസംഗം അണികളെ അവേശത്തിലാഴ്ത്തിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ പേരില്‍ ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ബിജെപിയും എസ്എന്‍ഡിപി യോഗവും ഒന്നിച്ച് ചെറുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞത് ശിവഗിരിയിലെ ശ്രീ നാരായണ ഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ചുള്ള മഹാമണ്ഡല പൂജാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു.ശബരിമലയെ സംരക്ഷിക്കാനുള്ള പ്രതിഷേധയോഗങ്ങളില്‍ എന്‍എസ്എസും ബിജെപിയ്‌ക്കൊപ്പം നില്‍ക്കണമെന്ന് കണ്ണൂരില്‍ അമിത് ഷാ പറഞ്ഞിരുന്നു.

എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും പിന്തുണ ലഭ്യമാക്കാനാണ് അമിത് ഷാ നിലപാട് എടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്‍എസ്എസിന്റെ ശക്തമായ പിന്തുണ ഹിന്ദു ഐക്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് ബിജെപി നേതാക്കളുടെ പക്ഷം. ശബരിമലയ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള തന്ത്രങ്ങളും ബിജെപി ആവിഷ്‌കരിക്കുന്നുണ്ട്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നാണ് എല്‍.കെ. അദ്വാനി രഥയാത്ര നടത്തിയതെങ്കില്‍ മഞ്ചേശ്വരം മധൂര്‍ ക്ഷേത്രത്തില്‍ നിന്നാണ് നവംബര്‍ 8 ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള നയിക്കുന്ന അയ്യപ്പ രഥ യാത്ര ആരംഭിക്കുന്നത്. നവംബര്‍ 12 ന് പത്തനംതിട്ടയില്‍ യാത്ര സമാപിക്കും.

Top