അയോധ്യ രാമക്ഷേത്ര ട്രസ്റ്റിസ് വിദേശ പണം സ്വീകരിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിസ് വിദേശത്തു നിന്ന് പണം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. അനുമതി ലഭിച്ചുവെന്ന് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി സ്ഥിരീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കിയത്.

2024 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ക്ഷേത്ര നിര്‍മാണത്തിനായി ഇതുവരെ 900 കോടി രൂപയാണ് ചെലവാക്കിയതെന്നും നിധി സമര്‍പന്‍ അഭിയാന്‍ വഴി സമാഹരിച്ച 3000 കോടിയോളം രൂപ ബാക്കിയുണ്ടെന്നും ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. ഓണ്‍ലൈന്‍ മുഖേന ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയിലാണ് കേന്ദ്രത്തിന്റെ ഉടനടിയുള്ള അനുമതിയെന്നതും ശ്രദ്ധേയമാണ്. രണ്ടുവര്‍ഷം വൈകിച്ച മസ്ജിദ് നിര്‍മാണത്തിന് അന്തിമ നിര്‍മാണ അനുമതി സര്‍ക്കാര്‍ നല്‍കിയത് ഈ വര്‍ഷം മാത്രമാണ്.

കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്‍ശിക്കുന്ന സംഘടനകളുടെയും ട്രസ്റ്റുകളുടെയും ലൈസന്‍സ് കൂട്ടമായി റദ്ദാക്കുന്നതിനിടെയാണ് ക്ഷേത്ര ട്രസ്റ്റിന് പച്ചക്കൊടി. എന്‍ജിഒകള്‍ക്ക് പുറമേ ക്രൈസ്തവവരടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ ട്രസ്റ്റുകളുടെയും എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ലൈന്‍സ് പിന്‍വലിച്ചാല്‍ പണം സ്വീകരിക്കാന്‍ തടസം നേരിടുന്നതിനൊപ്പം വിദേശപണം ഉപയോഗിച്ച് നേടിയ ആസ്തിയും സര്‍ക്കാരിന് ഏറ്റെടുക്കാനാകും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പതിനായിരക്കണക്കിന് എന്‍ജിഒകളുടെ ലൈസന്‍സാണ് ഉത്തരത്തില്‍ റദ്ദാക്കിയത്.

Top