അയോധ്യയിലെ രാമക്ഷേത്രത്തിൽ ഡിസംബറിനകം വിഗ്രഹപ്രതിഷ്ഠ; ജനുവരി മുതൽ ദർശനം

യോധ്യയിലെ രാമക്ഷേത്രത്തിൽ ഡിസംബറിനകം വിഗ്രഹപ്രതിഷ്ഠ നടത്തി ജനുവരിയിൽ ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന് ക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. ‘മനോരമ ന്യൂസി’നോടാണ് പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ പ്രതിഷ്ഠ നടത്താനാണ് ആലോചന.

ക്ഷേത്രത്തിന്റെ ശ്രീലകത്തെ ഗർഭഗൃഹത്തിന്റെ നിർമാണം പൂർത്തിയായി. ഇവിടെ, ശ്രീരാമന്റെ ബാല രൂപത്തിലുള്ള രണ്ട് വിഗ്രഹങ്ങളുണ്ടാകും. ആദ്യ നിലയുടെ (ഗ്രൗണ്ട് ഫ്ലോർ) നിർമാണം അന്തിമഘട്ടത്തിലാണ്. മേൽക്കൂരയുടെ നിർമാണം പുരോഗമിക്കുന്നു. ഉത്തരായനത്തിനു മുൻപു ദർശനം അനുവദിക്കും.

രാവിലെ 6.30 മുതൽ രാത്രി 8 വരെയായിരിക്കും ദർശന സമയം. ഉച്ചയ്ക്ക് ഒരു മണിക്കൂർ അടച്ചിടും. വിശേഷ ദിവസങ്ങളിൽ 14 മുതൽ 16 മണിക്കൂർവരെ ദർശനം അനുവദിക്കും. 5 ലക്ഷം ഭക്തജനങ്ങൾ വന്നാൽ ഒരാൾക്ക് 17 സെക്കൻ‌ഡ് സമയം ദർശനത്തിന് ലഭിക്കും. ഭക്തരും പ്രതിഷ്ഠയും തമ്മിൽ 30 അടിയുടെ അകലമുണ്ടാകും.

ഒന്നാം നിലയിൽ രാമ ദർബാറിലാണു സീതയുടെ പ്രതിഷ്ഠ. വാത്മീകി, ശബരി, നിഷാദ രാജാവ്, വസിഷ്ഠൻ, വിശ്വാമിത്രൻ, അഹല്യ, അഗസ്ത്യ മുനി എന്നിവർക്ക് ഉപക്ഷേത്രങ്ങളുമുണ്ടാകും. മുഖ്യക്ഷേത്രം 2.8 ഏക്കറിലാണ് പൂർത്തിയായിട്ടുള്ളത്. പ്രദക്ഷിണ വീഥി ഉൾപ്പെടെ എട്ടര ഏക്കറുണ്ട്. ഇത് 2024 ഡിസംബറിൽ പൂർത്തിയാക്കും. മ്യൂസിയം ഉൾപ്പെടെ ക്ഷേത്ര സമുച്ചയം മുഴുവനായും 75 ഏക്കറിലായിരിക്കും. 2025 ഡിസംബറിൽ ക്ഷേത്രത്തിന്റെ എല്ലാ നിർമാണവും പൂർത്തിയാകും. 1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ക്ഷേത്ര നിർമാണത്തിന് സ്വയം സമർപ്പിച്ച് പ്രയത്നിക്കാൻ ഉപദേശിച്ചത് മാതാ അമൃതാനന്ദമയിയാണെന്ന് പ്രധാനമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ നൃപേന്ദ്ര മിശ്ര പറഞ്ഞു. ക്ഷേത്രം 2024ൽ തുറന്നുകൊടുക്കുന്നതും ലോക്സഭാ തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top