അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥ സമിതി കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയ ശേഷം ആദ്യമായാണ് കോടതി കേസ് പരിഗണിക്കുന്നത്.

മാര്‍ച്ച് മാസം എട്ടാം തീയതിയാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്. ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

യുപിയിലെ ഫൈസാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്‍ച്ചയെന്നുമായിരുന്നു സുപ്രീംകോടതി നിര്‍ദേശം. നാലാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നായിരുന്നു നിബന്ധന. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ച്ച സമയം മധ്യസ്ഥ സമിതിക്ക് അനുവദിച്ചിരുന്നു അതുവരെ മധ്യസ്ഥ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.

അയോധ്യക്കേസ് കേവലം ഭൂമിതര്‍ക്കകേസല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. മനസുകളുടെ കൂട്ടിയോജിപ്പിക്കലാണ് ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്നും രണ്ട് സമുദായങ്ങള്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് വേണ്ടതെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു.

Top