അയോധ്യ കേസ്; വിശാല ഭരണഘടനാ ബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യ അനുബന്ധ കേസ് വിശാലഭരണഘടനാ ബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി. അയോധ്യ കേസില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മാത്രം പരിശോധന നടത്തുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇസ്മയില്‍ ഫറൂഖി കേസില്‍ സുപ്രീംകോടതിയുടെ പുനപരിശോധന ഉണ്ടാവില്ല. ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യ പ്രാധാന്യമെന്നും കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് അശോക് ഭൂഷണിന്റേതുമാണ് വിധി. മൂന്നംഗ ബെഞ്ചില്‍ രണ്ട് വ്യത്യസ്ത വിധികളാണ് ഉള്ളത്. ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

വിവിധ മുസ്ലീം സംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞ്. 1994ല്‍ ഇസ്മയില്‍ ഫാറൂഖി കേസില്‍ മുസ്ലീംങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസായ സ്ഥലത്ത് നിസ്‌കാരമാവാമെന്നും സുപ്രീംകോടതിയിലെ ഭൂരിപക്ഷ ബഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ വിവിധ മുസ്ലീംസംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തത വരുത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ മുന്‍നിരീക്ഷണം അനീതിയാണെന്നും ഇത് അയോധ്യ കേസിനെ നേരിട്ട് ബാധിക്കുന്നതാണെന്നും ധവാന്‍ ഹര്‍ജിയില്‍ പറയുന്നു.

മുന്‍ വിധി അംഗീകരിക്കപ്പെട്ടാല്‍ അയോധ്യ കേസില്‍ ഹൈന്ദവ സംഘടനകള്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നതിന് മുമ്പുളള പ്രധാനപ്പെട്ട വിധികളില്‍ അവസാനത്തെ വിധിയാണ് ഇത്. ആധാര്‍, സ്വകാര്യത, സംവരണം, തുടങ്ങി പ്രമുഖ കേസുകളില്‍ ഇതിനോടകം അദ്ദേഹം വിധി പ്രസ്താവിച്ചിരുന്നു.

Top