അയോധ്യക്കേസ്; ജസ്റ്റിസ് യു.യു ലളിത് പിന്‍മാറി, കേസ് ഈ മാസം 29ലേയ്ക്ക് മാറ്റി

ന്യൂഡല്‍ഹി: അയോധ്യക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 29ലേയ്ക്ക് മാറ്റിവെച്ചു.ജനുവരി 29ന് മുമ്പ് എല്ലാ രേഖകളും സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, അയോധ്യക്കേസിലെ വാദം കേള്‍ക്കലില്‍ നിന്നും ജസ്റ്റിസ് യു.യു ലളിത് പിന്‍മാറി. സുന്നി വക്കഫ് ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറിയത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയതായിരുന്നു ബഞ്ച്. ഇതില്‍ നിന്നാണ് യു.യു ലളിത് പിന്‍മാറിയിരിക്കുന്നത്.

മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഒഴിവാക്കി കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ഭരണഘടന ബഞ്ച് രൂപീകരിച്ചത്. അയോധ്യയിലെ തര്‍ക്കഭൂമി, മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വക്കഫ് ബോര്‍ഡിന്റെ ഉള്‍പ്പടെ 16 ഹര്‍ജികളാണ് കോടതിയിലുള്ളത്.

Top