അയോധ്യ കേസ്; മധ്യസ്ഥസമിതി തയ്യാറാക്കിയ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ തള്ളി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മധ്യസ്ഥസമിതി തയ്യാറാക്കിയ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ തള്ളി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. മധ്യസ്ഥ ചര്‍ച്ചകളെ എതിര്‍ത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് കത്ത് നല്‍കി.

പുറത്തുവന്ന ഒത്തുതീര്‍പ്പ് നിര്‍ദ്ദേശത്തോട് യോജിപ്പില്ല. കേസിലെ എല്ലാ കക്ഷികളുടെയും പങ്കാളിത്തത്തോടെയല്ല ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. മധ്യസ്ഥസമിതിയുടെ ശുപാര്‍ശ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

അയോധ്യ കേസുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചയില്‍ രണ്ട് കക്ഷികളുടെ നിലപാടുകള്‍ പുറത്തുവന്നിരുന്നു. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഢ എന്നിവരുടെ നിലപാടുകളാണ് പുറത്തുവന്നത്. കേസില്‍ ഇരുവരും ഒത്തുതീര്‍പ്പില്‍ എത്തിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

അയോധ്യയിലെ തര്‍ക്കഭൂമിക്കുള്ള അവകാശവാദത്തില്‍ നിന്ന് ഉപാധികളോടെ പിന്മാറാമെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട്. രാമജന്മഭൂമി ബാബ്‌റി മസ്ജിദ് കേസില്‍ സുപ്രീംകോടതിയില്‍ മുസ്ലീം പക്ഷത്തെ കക്ഷികളിലൊന്നാണ്‌ ബോര്‍ഡ്. മഥുര, കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകള്‍ ഉപേക്ഷിച്ചാല്‍ തര്‍ക്കഭൂമി വിട്ട്‌നല്കാം എന്നായിരുന്നുസുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട്.

ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് രാമക്ഷേത്രം നിര്‍മിക്കുക, ബാബ്‌റി മസ്ജിദിനു പകരം യോജ്യമായ സ്ഥലത്ത് മസ്ജിദ് നിര്‍മിക്കാന്‍ വഖഫ് ബോര്‍ഡിനു സൗകര്യമൊരുക്കുക തുടങ്ങിയ ഒത്തുതീര്‍പ്പു ശുപാര്‍ശകള്‍ മധ്യസ്ഥ സമിതി മുഖേന വഖഫ് ബോര്‍ഡ് കോടതിയ്ക്ക് മുന്നില്‍ മുന്നോട്ടുവച്ചിരുന്നു. ഇത് അംഗീകരിക്കുകയാണെങ്കില്‍ തര്‍ക്കഭൂമി വിട്ടുനല്‍കാമെന്ന നിലപാട് സ്വീകരിക്കുമെന്നും സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് മധ്യസ്ഥ നിലപാട് തള്ളി രംഗത്തുവന്നിരിക്കുന്നത്.

Top