അയോധ്യയില്‍ ഒത്തുതീര്‍പ്പിനും സാധ്യത; തര്‍ക്കഭൂമി ഉപാധികളോടെ വിട്ടുനല്‍കാമെന്ന് വഫഫ് ബോര്‍ഡ്

ന്യൂഡല്‍ഹി : അയോദ്ധ്യകേസില്‍ ഒത്തുതീര്‍പ്പിന് സാദ്ധ്യത തെളിയുന്നു. മഥുര,കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകള്‍ ഉപേക്ഷിച്ചാല്‍ തര്‍ക്കഭൂമി വിട്ടു നല്‍കാം എന്ന് സുന്നി വഖഫ് ബോര്‍ഡ് സത്യവാങ്മൂലം നല്‍കി. ആവശ്യമെങ്കില്‍ കോടതി വിധിയില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താമെന്നും ഇതിനു തടസ്സമില്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു.

അയോധ്യയില്‍ മറ്റൊരു പള്ളി നിര്‍മ്മിച്ചു നല്‍കുക അയോധ്യയില്‍ തന്നെ 22 പള്ളികള്‍ പുതുക്കി നിര്‍മ്മിക്കുക, കാശിയും മഥുരയും ഉള്‍പ്പടെ മറ്റെല്ലാ സ്ഥലങ്ങളിലേയും പള്ളികള്‍ക്ക് മേലുള്ള അവകാശവാദം ഹിന്ദുസംഘടനകള്‍ ഉപേക്ഷിക്കുക. പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യം ഒരുക്കുക. ഈ ഉപാധികള്‍ അംഗീകരിച്ചാല്‍ തര്‍ക്കഭൂമിയിലെ ക്ഷേത്രനിര്‍മ്മാണത്തിന് ഭൂമി വിട്ടു നല്‍കാന്‍ വഖഫ് ബോര്‍ഡ് തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്.

അയോധ്യ തര്‍ക്കത്തില്‍ കക്ഷികളായ ചില ഹിന്ദു സംഘടനകള്‍ ഇതിനോട് യോജിക്കാന്‍ തയ്യാറായെങ്കിലും വിശ്വഹിന്ദു പരിഷത്ത് പിന്തുണയുള്ള രാമജന്മഭൂമി ന്യാസ് ഉപാധികള്‍ അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.

കേസിൽ വാദം പുരോഗമിക്കുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഹിന്ദു മഹാസഭ കൈമാറിയ രേഖകൾ സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചുകീറിയത് ബഹളത്തിനിടയാക്കിയിരുന്നു. ഇതിൽ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്, കാര്യങ്ങൾ ഇങ്ങനെ പോകുകയാണെങ്കിൽ സിറ്റിങ് നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി. വാദം കേൾക്കുന്നതിന് പകരം രേഖകൾ പരിശോധിച്ച് തീരുമാനമെടുക്കാവുന്നതേയുള്ളുവെന്ന് കടുത്ത നിലപാട് എടുത്തതോടെ രംഗം ശാന്തമായി. ഇതിനിടെ, കേസിൽ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സുഫർ അഹമ്മദ് ഫാറൂഖി അപേക്ഷ നൽകി.

ആഗസ്റ്റിന് ആറിന് ആരംഭിച്ച അന്തിമവാദം നാൽപതാം ദിവസമാണ് അവസാനിച്ചത്. ഹിന്ദു മഹാസഭ, ഹിന്ദു സംഘടനകൾ, സുന്നി വഖഫ് ബോർഡ് തുടങ്ങി എല്ലാ പ്രധാന കക്ഷികളും അവസാന ദിവസത്തിൽ മൂർച്ചയേറിയ വാദമുഖങ്ങൾ അവതരിപ്പിച്ചു. അന്തിമവാദം പൂർത്തിയായതോടെ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വിരമിക്കുന്ന നവംബർ പതിനേഴിന് മുൻപ് വിധി പുറപ്പെടുവിക്കുമെന്നാണ് സൂചന.

Top