അയോധ്യ തര്‍ക്ക ഭൂമി വിഭജനം: ഹര്‍ജിയില്‍ ഇന്നു മുതല്‍ സുപ്രീംകോടതി വാദം തുടങ്ങും

ayodhya-case

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കക്കേസില്‍ വ്യാഴാഴ്ചമുതല്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങും. തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുനല്‍കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള ഹര്‍ജികളിലാണ് വ്യാഴാഴ്ചമുതല്‍ ദിവസവും വാദം കേള്‍ക്കുക.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിനുമുന്‍പാകെ വാദമാരംഭിക്കുക.

2.77 ഏക്കര്‍ തര്‍ക്കഭൂമി വിഭജിച്ച് ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കുമായി നല്‍കാനായിരുന്നു 2010 സെപ്റ്റംബറിലെ അലഹാബാദ് ഹൈക്കോടതിവിധി. ഇതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്.

കപില്‍ സിബല്‍, ഡോ. രാജീവ് ധവാന്‍, രാജു രാമചന്ദ്രന്‍, ഷക്കീല്‍ അഹമ്മദ് സയ്യീദ് തുടങ്ങിയവരാണ് മുസ്‌ലിം വിഭാഗത്തിനുവേണ്ടി കോടതിയില്‍ വാദിക്കുക. ഹിന്ദുവിഭാഗത്തിനുവേണ്ടി എസ്.കെ. ജെയിന്‍, രഞ്ജിത് ലാല്‍ വര്‍മ, ഹരിശങ്കര്‍ ജെയിന്‍, വിഷ്ണുശങ്കര്‍ ജയ്, കെ. പരാശരന്‍ എന്നിവരാണ് കോടതിയിലെത്തുക.

Top