ആയിഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി

കവരത്തി: ചലച്ചിത്രപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ ആയിഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകന് ഒപ്പമാണ് ആയിഷ സുല്‍ത്താന കവരത്തി പൊലീസിന് മുമ്പാകെ ഹാജരായിരിക്കുന്നത്. ‘സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദ്വീപ് പൊലീസ് കേസെടുത്തത്.

വ്യാഴാഴ്ച ആയിഷ സുല്‍ത്താനയ്ക്ക് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ 20-നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച ശേഷമായിരുന്നു കോടതി ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഒരാഴ്ചത്തേക്കാണ് ആയിഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെയാണ് ഐഷ അഭിഭാഷകനൊപ്പം കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെത്തിയത്.

ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ അയച്ച ‘ബയോ വെപ്പണ്‍’ ആണെന്നായിരുന്നു ആയിഷ സുല്‍ത്താന പറഞ്ഞത്. എന്നാല്‍ പ്രസ്താവന പിന്‍വലിച്ച് പിന്നീട് ആയിഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു.

 

Top