സിപിഎമ്മിന് വേണ്ടി യുഡിഎഫ് ആയിഷ റെന്നയെ സംയുക്ത പ്രതിഷേധത്തില്‍ നിന്ന് ഒഴിവാക്കി

മലപ്പുറം: ജാമിയ മിലിയ വിദ്യാര്‍ത്ഥിനി ആയിഷ റെന്നയെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സംയുക്ത പ്രതിഷേധത്തില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. മലപ്പുറം വാഴക്കാട് പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയില്‍ നിന്നാണ് റെന്നയെ ഒഴിവാക്കിയത്.

പിണറായിയേയും സിപിഎമ്മിനേയും വിമര്‍ശിച്ച റെന്ന വരുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന്
സിപിഎം മെമ്പര്‍മാര്‍ അറിയിച്ചതോടെയാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ആയിഷ റെന്നയെ ഒഴിവാക്കിയത്.

മലപ്പുറം കൊണ്ടോട്ടിയില്‍ വച്ച് നടന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് ആയിഷ സിപിഎമ്മിനെ വിമര്‍ശിച്ചത്. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു. ‘പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിക്കുന്നു’ എന്ന ആയിഷയുടെ പ്രസ്താവനയാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് ആയിഷയെ സിപിഎം പ്രവര്‍ത്തകര്‍ വേദിയില്‍ കയറി തടഞ്ഞു. ആയിഷ മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. വളരെ ബുദ്ധിമുട്ടിയാണ് സംഘാടകര്‍ ആയിഷയെ പ്രതിഷേധക്കാരില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.

Top