സംസ്ഥാന സര്‍ക്കാറിന്റെ ഉന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എം മുകുന്ദന്

mukundanm

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം എം മുകുന്ദന്. അഞ്ചു ലക്ഷം രുപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയില്‍ 1942 സെപ്റ്റംബര്‍ 10നാണ് എം മുകുന്ദന്‍ ജനിച്ചത്. തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദന്‍ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പിന്നീട് ഡല്‍ഹിയിലേക്കു പറിച്ചു നട്ടു.

ഡല്‍ഹി ജീവിതവും മുകുന്ദന്റെ തൂലികയില്‍ സാഹിത്യ സൃഷ്ടികളായി മാറുകയായിരുന്നു. ഇടതുപക്ഷ രാഷ്ടീയത്തോടു ആഭിമുഖ്യമുള്ളയാളാണ് മുകുന്ദന്‍. എന്നാല്‍ ഇദ്ദേഹത്തിന്റെ കേശവന്റെ വിലാപങ്ങള്‍ എന്ന നോവല്‍ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടര്‍ വാദിക്കുന്നുണ്ട്.

മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാവുന്നതാണ്. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്നു

Top