പ്രവര്‍ത്തനമികവിന് പൊലീസ് ട്രോളന്മാര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം

തിരുവന്തപുരം: പ്രവര്‍ത്തനമികവിനുള്ള കേരളാ ഡിജിപിയുടെ പുരസ്‌കാരം നേടി കേരളാ പൊലീസിലെ ട്രോളന്മാര്‍. നവമാധ്യമങ്ങളിലെ ക്രിയാത്മക ഇടപെടല്‍ പൊതുജനവുമായുള്ള ബന്ധം ദൃഢമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഇവര്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കുറ്റാന്വേഷണം, ക്രമസമാധാനം തുടങ്ങി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വരെയുള്ള വിവിധ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം മികവ് പുലര്‍ത്തിയവര്‍ക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.

സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലൂടെയും നര്‍മ്മം നിറഞ്ഞ മറുപടികളിലൂടെയും ജനങ്ങളെ കൈയ്യിലെടുക്കാന്‍ കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക് പേജിന് കഴിഞ്ഞിട്ടുണ്ട്. എ.ഡി.ജി.പി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയ സെല്ലില്‍ സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ കമല്‍നാഥ്.കെ.ആര്‍, ബിമല്‍.വി.എസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്.പി.എസ്, അരുണ്‍.ബി.ടി എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്. ഫെയ്സ്ബുക്കിന് പുറമെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവയിലും പോലീസ് ഔദ്യോഗിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്.

ഇതിനോടകം തന്നെ പേജ് പതിനൊന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ സ്വന്തമാക്കി. ലോകത്തിലെതന്നെ പൊലീസ് പേജുകളില്‍ കേരളാ പോലീസ് ഇപ്പോള്‍ ഒന്നാമതാണ്. ഇപ്പോള്‍ ടിക് ടോക്കിലും കേരള പോലീസ് ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിട്ടണ്ട്.

Top