ലോകത്ത് ഫോൺ കൂടുതൽ ഉപയോഗിക്കുന്നതിൽ മുന്നിൽ ഇന്ത്യക്കാരെന്ന് പഠനം

ഡൽഹി: മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ‘നോക്കിയ’ നടത്തിയ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ട്രാഫിക് ഇന്‍ഡക്‌സിന്റെ ഈ വര്‍ഷത്തെ പഠന പ്രകാരം, ലോകത്തില്‍ മൊബൈല്‍ ഫോണില്‍ കൂടുതൽ സമയം ചെലവഴിക്കുന്നവരില്‍ മുന്നിൽ ഇന്ത്യക്കാർ. 2025-ട് കൂടി ചെറുവീഡിയോകള്‍ കാണാന്‍ വിനിയോഗിക്കുന്ന സമയം നാല് മടങ്ങ് വര്‍ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മൊബൈല്‍ഫോണില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവരില്‍ ഫിന്‍ലന്‍ഡ് കഴിഞ്ഞാല്‍ ഇന്ത്യയാണ് മുന്നില്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കാരുടെ ഡാറ്റ ഉപയോഗം 63 മടങ്ങ് വര്‍ധിച്ചു. ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഡാറ്റ ഉപയോഗ വര്‍ധനയാണിത്. ഇക്കാലയളവില്‍ മറ്റൊരു രാജ്യവും ഇത്രയധികം നെറ്റ് ഉപയോഗത്തില്‍ വര്‍ധനവുണ്ടായിട്ടില്ല-നോക്കിയ മാര്‍ക്കറ്റിംഗ് ചീഫ് ഓഫിസര്‍ അമിത് മര്‍വാഹ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ ഫോണില്‍ 2015 ഡിസംബറില്‍ 164 പെറ്റാബൈറ്റ്‌സ് ഡാറ്റ ഉപയോഗിച്ചെങ്കില്‍ 2020 ഡിസംബറില്‍ 10000 പെറ്റബൈറ്റ് ഡാറ്റ ഉപയോഗിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരാള്‍ ഉപയോഗിക്കുന്ന ശരാശരി ഡാറ്റയില്‍ 76 ശതമാനം വര്‍ധിച്ചു. ഫോര്‍ ജി നെറ്റ് വര്‍ക്കില്‍നിന്ന് 13.7 ജിബിയാണ് ഒരാളുടെ ശരാശരി ഉപയോഗം.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാല് മടങ്ങ് വര്‍ധനവാണ് ഇന്ത്യയില്‍ ഒരാള്‍ ഉപയോഗിക്കുന്ന ശരാശരി ഡാറ്റയില്‍ ഉണ്ടായത്. ഇതില്‍ 55 ശതമാനം ആളുകളും ചെറുവീഡിയോകള്‍ കാണാനാണ് നെറ്റ് കൂടുതല്‍ ഉപയോഗിക്കുന്നത്. സോഷ്യല്‍മീഡിയ, യൂ ട്യൂബ്, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ വരുന്ന കണ്ടന്റുകള്‍ക്കാണ് കൂടുതല്‍ ഉപയോഗം.

ഫിന്‍ടെക്, ഇ കൊമേഴ്‌സ് മറ്റ് ബ്രൗസിംഗ് എന്നിവക്കാണ് 45 ശതമാനം നെറ്റ് ഉപയോഗം. മില്ലേനിയല്‍സിനിടയിലാണ് ചെറുവീഡിയോകള്‍ കൂടുതല്‍ കാണുന്നത്. 2020 കൊവിഡ് വ്യാപനത്തിന് ശേഷം ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് ഉപയോഗത്തിലും വര്‍ധനവുണ്ടായി. 2014 ഡിസംബറില്‍ വെറും 6,90000 വീടുകളിലാണ് എഫ്ടിടിഎച്ച്, വയര്‍ലെസ് സംവിധാനമുണ്ടായിരുന്നതെങ്കില്‍ 2020ല്‍ 40 ലക്ഷമായി ഉയര്‍ന്നു.

വിദ്യാഭ്യാസ ആപ്ലിക്കേഷനുകളില്‍ 30 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ 265 ശതമാനമാണ് വര്‍ധനവ്. 5ജി കൂടി എത്തുന്നതോടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം, 300 ദശലക്ഷം ഫീച്ചര്‍ ഫോണുകള്‍ ഉപയോഗത്തിലിരിക്കുന്നതിനാല്‍ 2ജി ഉടന്‍ നിര്‍ത്തലാക്കില്ലെന്ന് നോക്കിയ ചീഫ് ടെക്‌നോളജി ഓഫിസര്‍ രണ്‍ദീപ് റെയ്‌ന പറഞ്ഞു.

Top