തിയേറ്ററില്‍ ആവറേജ്, ഒടിടിയിലെത്തിയപ്പോള്‍ മികച്ച പ്രതികരണം; പ്രശംസ നേടി ഗുണ്ടുര്‍ കാരം

ഹേഷ് ബാബുവിന്റെ പുതിയ ചിത്രമാണ് ഗുണ്ടുര്‍ കാരം. തുടക്കത്തില്‍ മികച്ച നേട്ടമുണ്ടായ ചിത്രം പിന്നീട് പ്രതീക്ഷിച്ചത്ര കുതിക്കാനായില്ല. ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വന്‍ പ്രതികരണം നേടുന്നു എന്നാണ് നെറ്റ്ഫ്‌ലിക്‌സിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗുണ്ടുര്‍ കാരം ഇംഗ്ലീഷ് ഇതര വിഭാഗത്തില്‍ നെറ്റ്ഫ്‌ലിക്‌സില്‍ ആഗോളതലത്തില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇരുപത് ലക്ഷത്തിലധികം കാഴ്ചക്കാരാണ് നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്.

മഹേഷ് ബാബു നായകനായി എത്തിയ ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ്‌മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷന്‍ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരുന്നത്. ആഗോളതലത്തില്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അന്ന് നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയും വന്‍ ഹൈപ്പില്‍ എത്തുകയും ചെയ്‌തെങ്കിലും വന്‍ വിജയമായിരുന്നില്ല.

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും ഹൈപ്പ് വര്‍ദ്ധിപ്പിച്ച ഒരു ഘടകമായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമന്‍ നിര്‍വഹിച്ചപ്പോള്‍ പാട്ടുകള്‍ ഹിറ്റായിരുന്നു.

Top