ഓരോ ദിവസവും 82 കൊലപാതകങ്ങള്‍; രാജ്യത്ത് കഴിഞ്ഞവര്‍ഷം ജീവന്‍ നഷ്ടമായത് 30,132പേര്‍ക്ക്

ഡൽഹി: രാജ്യത്ത് കഴിഞ്ഞവർഷം ഓരോ ദിവസവും ശരാശരി 82 കൊലപാതകങ്ങൾ വീതം നടന്നെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ. ഓരോ മണിക്കൂറും 11ൽ കൂടുതൽ തട്ടിക്കൊണ്ടുപോകൽ വീതം നടന്നു. ഒരു ലക്ഷം ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് ജാർഖണ്ഡിലാണ്. തട്ടിക്കൊണ്ടുപോകൽ ഏറ്റവും കൂടുതൽ നടക്കുന്നത് രാജ്യതലസ്ഥാനമായ ഡൽഹിയിലാണെന്ന് എൻസിആർബിയുടെ ‘ക്രൈം ഇൻ ഇന്ത്യ 2021’ റിപ്പോർട്ടിൽ പറയുന്നു.

30,132പേർ ഇരകളായ 29,272 കൊലപാതക കേസുകൾ 2021ൽ രജിസ്റ്റർ ചെയ്തു. 2020ൽ 29,193 കേസുകളാരുന്നു. 0.3 ശതമാനം വർധനവ്. 1,01,707 കിഡ്‌നാപ് കേസുകൾ രജിസ്റ്റർ ചെയ്തു. 1,04,149പേരാണ് കിഡ്‌നാപ് ചെയ്യപ്പെട്ടത്. 19.9 ശതമാനം വർധനവാണ് കിഡ്‌നാപ് കേസുകളിൽ സംഭവിച്ചത്. 2020ൽ ഇത് 84,805 ആയിരുന്നു.

ഏറ്റവും കൂടുതൽ കൊപാതകങ്ങൾ നടന്നത് ഉത്തർപ്രദേശ് (3,717), ബിഹാർ (2,799), മഹാരാഷ്ട്ര (2,330), മധ്യപ്രദേശ് (2,034), പശ്ചിമ ബംഗാൾ(1,884) എന്നീ സംസ്ഥാനങ്ങൡലാണ്. ഡൽഹിയിൽ 459 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തു. 9,765കൊലപാതകങ്ങൾ നടന്നത് തർക്കങ്ങൾ കാരണമാണ്. വ്യക്തിപരമായ പക കാരണം 3,782 കൊലപാതകങ്ങൾ സംഭവിച്ചു.

ഒരുലക്ഷം ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് ജാർഖണ്ഡിലാണ്. 4.1 ലക്ഷം ജനസംഖ്യയിൽ 1,573 കൊലപാതകങ്ങൾ നടന്നു. 1,01,707 കേസുകളാണ് കഴിഞ്ഞവർഷം കിഡ്‌നാപ്പിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 86,543 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. 17,605 പുരുഷൻമാരും തട്ടിക്കൊണ്ടുപോകലിന് ഇരകളായി. ഇതിൽ 69,014പേർ കുട്ടികളാണ്. 58,058 പേർ പെൺകുട്ടികളും 10,956പേർ ആൺകുട്ടികളുമാണ്.

തട്ടിക്കൊണ്ടുപോയ 99,680പേരെ കണ്ടെത്തി. ഇതിൽ 82,202പേർ സ്ത്രീകളാണ്. 17,477 പുരുഷൻമാരെയും കണ്ടെത്തി. ഇതിൽ 820പേരെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാൾ സംസ്ഥാനങ്ങൾ തന്നെയാണ് തട്ടിക്കൊണ്ടുപോകലുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങൾ.

 

Top