ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം ഉടന്‍ ന്യൂസിലന്‍ഡില്‍

ഹോളിവുഡിനെ പിടിച്ചുലച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം തുടരാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. നിര്‍മാതാവ് ജോണ്‍ ലാന്‍ഡോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വിവരം അറിയിച്ചത്.

സെറ്റ് തയ്യാറാണെന്നും ന്യൂസിലന്‍ഡിലേക്ക് തിരിച്ചു പോകുന്നതിന്റെ ആവേശത്തിലാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ചിത്രീകരണത്തിനായി ഒരുക്കിയ ജെറ്റ് ബോട്ടിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.’ഞങ്ങളുടെ അവതാര്‍ സെറ്റ് തയ്യാറായി. അടുത്ത ആഴ്ച ന്യൂസിലന്‍ഡിലേക്ക് തിരിച്ചു പോകുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. മറ്റഡോര്‍, പികഡോര്‍ – കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാന് കാത്തിരിക്കുന്നു’, എന്നാണ് ജോണ്‍ കുറിപ്പില്‍ പറയുന്നത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് അവതാര്‍ 2-വിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചത്. എന്നാല്‍ തീരുമാനിച്ച സമയത്ത് തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് ഈയടുത്ത് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നു. 2021 ഡിസംബര്‍ 17-ന് സിനിമ തിയ്യറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

2009-ലാണ് അവതാര്‍ ഇറങ്ങിയത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബിഗ് ബജറ്റ് ചിത്രമെന്ന അവതാറിന്റെ റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷം അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം മാത്രമാണ് മറിക്കടന്നത്.

Top