കനത്ത മഴയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ : കനത്ത മഴയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് യാത്രക്കാരി മരിച്ചു. കണ്ണൂര്‍ ആര്യപ്പറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിതാര (20) യാണു മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. ഇരിട്ടി എടത്തൊടികയില്‍ വെച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക്, മരം വീഴുകയായിരുന്നു.

കേരളത്തില്‍ തുടരുന്ന കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളില്‍ വന്‍ തോതില്‍ നാശനഷ്ടം ആണ് രേഖപ്പെടുത്തുന്നത്. നാശനഷ്ടങ്ങള്‍ക്കൊപ്പം വൈദ്യുതി മുടങ്ങുന്നതും ജനങ്ങള്‍ക്ക് ദുരിതമായി. പല പ്രദേശങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നിരിക്കുകയാണ്.

എറണാകുളം ചെല്ലാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം നാശം വിതയ്ക്കുകയാണ്. 50 ഓളം വീടുകളില്‍ വെള്ളം കയറി. ഞായറാഴ്ച ഉച്ചയോടെയാണ് കടല്‍ക്ഷോഭമുണ്ടായത്.

ചെല്ലാനം ബസാര്‍ മേഖലയിലെ വീടുകളിലാണ് വെള്ളം കയറിയത്. കടല്‍ഭിത്തി നിര്‍മ്മിക്കാത്തതിന്റെ പേരില്‍ ഇവിടുത്തെ ജനങ്ങള്‍ പലപ്പോഴായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Top