ഓട്ടോറിക്ഷ സർവീസ് മൗലികാവകാശമല്ല; വിമാനത്താവളത്തിലെ നിയന്ത്രണം ചോദ്യം ചെയ്യാനാകില്ല: ഹൈക്കോടതി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള അതോറിറ്റിക്ക് ഓട്ടോറിക്ഷ സർവീസ് നിയന്ത്രിക്കാനുള്ള അധികാരമില്ലെന്ന ഹർജി തള്ളി ഹൈക്കോടതി. വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സർവീസ്ത് നടത്തുക എന്നത് മൗലികാവകാശമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. യാത്രക്കാരെ കൊണ്ടുവരാൻ നിയന്ത്രണമില്ലാതെ സർവീസ് നടത്താൻ അനുവദിക്കണമെന്ന ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ പരാമർശം.

അങ്കമാലി സ്വദേശി പി കെ രതീഷ് ഉൾപ്പെടെയുള്ളവരാണ് ​ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. മോട്ടോർവാഹന പെർമിറ്റുള്ളതിനാൽ വിമനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റുന്നത് വിലക്കാനാകില്ലെന്ന് ഹർജിക്കാർ വാദിച്ചു.

വിമാനത്താവളം നിയന്ത്രിതമേഖലയാണെന്നും നിയന്ത്രണത്തെ ചോദ്യംചെയ്യാനാകില്ലെന്നുമുള്ള കൊച്ചി എയർപോർട്ട് അതോറിറ്റിയുടെ വാദം കോടതി അം​ഗീകരിച്ചു. വിമാനത്താവളങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിയമപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് അനു ശിവരാമൻ ഹർജി തള്ളിയത്.

Top