ഹൈദരാബാദ് ഏറ്റുമുട്ടല്‍ ; നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Hyderabad encounter,Telangana ,doctor, rape-murder ,

തെലങ്കാന : ഹൈദരാബാദില്‍ പൊലീസ് വെടിവെച്ച് കൊന്ന കൊലപാതക കേസ് പ്രതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റെന്നാണ് റിപ്പോര്‍ട്ട്.

മുഹമ്മദ് ആരിഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീന്‍ (20), ചിന്തകുണ്‍ട ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി ആരിഫിന് വാരിയെല്ലിലും നവീന് കഴുത്തിലും വെടിയേറ്റതായാണ് റിപ്പോര്‍ട്ടിലുള്ളത്.

തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഇവരുടെ തോക്ക് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പരസ്പരമുണ്ടായ വെടിവെപ്പിനിടെ പ്രതികള്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വാദം.

അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങള്‍ വെളളിയാഴ്ച വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നാല് പ്രതികളുടെയും മൃതദേഹങ്ങള്‍ മഹബൂബനഗര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വ്യാജ ഏറ്റുമുട്ടല്‍ നടത്തി പ്രതികളെ വെടിവച്ചു കൊന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കാണിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു തെലങ്കാന ഹൈക്കോടതി. കസ്റ്റഡിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചുവോയെന്ന് കോടതി ആരാഞ്ഞു. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വരെ സമയം തേടിയിട്ടുണ്ട്.

ഏറ്റുമുട്ടല്‍ കൊലയില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിനിടെ ഏറ്റുമുട്ടല്‍ കൊലയില്‍ അന്വേഷണം നടത്താന്‍ പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് തലവനായി എട്ടംഗ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ഏറ്റുമുട്ടല്‍ സാഹചര്യം അന്വേഷിച്ച് സംഘം സര്‍ക്കാരിനും കോടതിക്കും റിപ്പോര്‍ട്ട് നല്‍കും.

Top