റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇടുക്കി: ഇടുക്കി ശാന്തന്‍പാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കയറോ തുണിയോ ഉപയോഗിച്ച് റിജോഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍.

മരണസമയത്ത് റിജോഷ് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. ശരീരത്തില്‍ മറ്റ് പരിക്കുകളോ മുറിവുകളോ ഇല്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമെന്നും പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 31ന് കാണാതായ റിജോഷിന്റെ മൃതദേഹം ഇന്നലെയാണ് സ്വകാര്യ റിസോര്‍ട്ട് ഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച ലിജിയേയും ഇവര്‍ ജോലി ചെയ്യുന്ന സ്വകാര്യ റിസോര്‍ട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി. ഇവരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്‍ട്ടിലെ ഫാമിനടുത്തായി കുഴിയെടുത്തതായി കണ്ടത്. ഇത് കുഴിച്ചുനോക്കിയപ്പോള്‍ ചാക്കില്‍കെട്ടിയ നിലയില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം പാതി കത്തിച്ചശേഷമാണ് കുഴിച്ചിട്ടത്. റിജോഷിന്റെ കൊലപാതകത്തില്‍ ഭാര്യലിജി, കാമുകന്‍ വസീം എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇരുവരെയും പാലയില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം അവിടെ എത്തിയെങ്കിലും പിടികൂടാനായില്ല. ഒരുപക്ഷേ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘം അവിടെയും അന്വേഷിക്കുന്നുണ്ട്.

അതേസമയം റിജോഷിനെ കൊന്നത് താന്‍ തന്നെയെന്ന് വസീം സമ്മതിക്കുന്ന വീഡിയോ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. സഹോദരന്റെ മൊബൈലിലേക്കാണ് വസീം ഈ വീഡിയോ അയച്ചത് . ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Top