തമിഴ്‌നാടിനെ വിറപ്പിച്ച ‘ഓട്ടോ ശങ്കര്‍’ ; വെബ് സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

മിഴ്നാടിനെ ഒരുകാലത്ത് വിറപ്പിച്ച ഗുണ്ടാനേതാവ് ഗൗരി ശങ്കര്‍ എന്ന ഓട്ടോ ശങ്കറിന്റെ ജീവിതം വെബ് സീരീസാകുന്നു. അപ്പാനി ശരത് ആണ് ഓട്ടോ ശങ്കറായി ഞെട്ടിക്കുന്ന മേക്ക് ഓവറിലെത്തുന്നത്. ഓട്ടോ ശങ്കര്‍ എന്നു പേരിട്ടിരിക്കുന്ന തമിഴ് വെബ് സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

കിടിലന്‍ ലുക്കിലാണ് അപ്പാനി ശരത് ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു കൊലപാതകിയുടെ ക്രൂരതയാര്‍ന്ന ജീവിതം അതേ പടി സ്‌ക്രീനിലെത്തിക്കുന്ന സീരീസിലെ ശരതിന്റെ കഥാപാത്രം നടന്റെ കരിയറിലെ മികച്ചവയിലൊന്നായിരിക്കും. അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അപ്പാനി ശരത് ശ്രദ്ധേയനാകുന്നത്.

രംഗന്‍ സംവിധാനം ചെയ്യുന്ന സീരീസിന്റെ ഛായാഗ്രഹകന്‍ മനോജ് പരമഹംസയാണ് അപ്പാനി ശരതിനെ നിര്‍ദേശിച്ചത്. എണ്‍പതുകളുടെ അവസാനത്തില്‍ ചെന്നൈയില്‍ ഗുണ്ടാനേതാവായിരുന്ന ശങ്കറിന്റേയും സംഘത്തിന്റേയും കഥയാണ് ഈ സീരീസ് പറയുന്നത്.

തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ജനിച്ച ശങ്കര്‍ ജീവിക്കാനായി മദ്രാസിലെത്തുകയായിരുന്നു. ശങ്കറിന്റെ അമ്മ തമിഴ്നാട്ടുകാരിയും അച്ഛന്‍ മലയാളിയുമായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ പുലന്‍ വിസാരണൈ, 2005ലെ കന്നഡ ചിത്രം ഓട്ടോ ശങ്കര്‍ എന്നീ ചിത്രങ്ങളും ശങ്കറിന്റെ ഗുണ്ടാജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയതാണ്.

Top