വാഷ്‌ബേസനുണ്ട്, മൊബൈല്‍ ചാര്‍ജറുണ്ട്, പാട്ടുണ്ട്; ‘മാസാണ്’ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഓട്ടോറിക്ഷ

മുംബൈ: യാത്രക്കാര്‍ക്ക് യാത്രകള്‍ സന്തോഷ മാക്കാന്‍ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് ഓട്ടോ ഡ്രൈവര്‍മാര്‍. തങ്ങളുടെ വാഹനങ്ങളില്‍ ചെടികള്‍ നട്ടു പിടിപ്പിച്ചും പാട്ട് വെച്ചുമൊക്കെ യാത്രക്കാരെ ആനന്ദത്തിലാക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഈ ഡ്രൈവര്‍ യാത്രക്കാരെ അകര്‍ഷിക്കുന്നത്.

തന്റെ വണ്ടിയില്‍ കയറുന്ന യാത്രക്കാര്‍ ഒരു കുറ്റവും പറയാന്‍ പാടില്ല എന്നത് ഇദ്ദേഹത്തിന് നിര്‍ബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ചെറിയ വീട് തന്നെ നിര്‍മിച്ചിട്ടുണ്ട് ആ ഓട്ടോറിക്ഷയ്ക്കുള്ളില്‍. മുന്‍ ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന അടക്കം നിരവധി ആളുകളാണ് ഈ വാഹനത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിയായ സത്യവാന്‍ ഗിതെ ആണ് ഓട്ടോയില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത്.

വാഷ്‌ബേസിന്‍ മുതല്‍ മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് വരെ ഒരുക്കിയിട്ടുണ്ട്. ചട്ടികളിലാക്കിയ ചെടികളുമുണ്ട് ഈ ഓട്ടോയില്‍. ”വാഷ്‌ബേസിനും ഡെസ്‌ക് ടോപ്പ് മോണിറ്ററും, ഈ ബുദ്ധിമാനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ എല്ലാം തട്ടിക്കൂട്ടിയിരിക്കുന്നു” – ട്വിങ്കിള്‍ ഖന്ന ഓട്ടോയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. ആളുകളെല്ലാം വാനോളം പുകഴ്ത്തുകയാണ് ഈ ഓട്ടോക്കാരനെയും അയാളുടെ ആശയത്തെയും.

”നിങ്ങള്‍ക്ക് എന്റെ ഓട്ടോയില്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാം. ശുദ്ധീകരിച്ച വെള്ളവും വാഷ്‌ബേസിനും ഉണ്ട്. പ്രായമായവര്‍ക്ക് ഒരു കിലോമീറ്റര്‍ ദൂരത്തേക്കുള്ള യാത്രയില്‍ ചാര്‍ജ് ഈടാക്കാറില്ല. യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഉറപ്പാക്കുകയാണ് എന്റെ ഉദ്ദേശം. ” – സത്യവാന്‍ പറഞ്ഞു.

Top