ലോകത്തെ ആദ്യത്തെ 3ഡി പ്രിന്റഡ് ഹൈബ്രിഡ് ഹൈപ്പര്‍കാര്‍ 21സി എത്തുന്നു

ലോസ് ആഞ്ചലസ് ആസ്ഥാനമായ ‘സിംഗര്‍ വെഹിക്കിള്‍സ്’ സ്റ്റാര്‍ട്ടപ്പ് നിര്‍മിച്ച 21സി എന്ന ഹൈബ്രിഡ് ഹൈപ്പര്‍കാര്‍ എത്തുന്നു. ലോകത്തെ ആദ്യത്തെ 3ഡി പ്രിന്റഡ് ഹൈബ്രിഡ് ഹൈപ്പര്‍കാറാണിത്. ഈ ഹൈപ്പര്‍ കാറിന് 1.7 മില്യണ്‍ യുഎസ് ഡോളറാണ് വില പ്രതീക്ഷിക്കുന്നത്.

ഭാരം കുറഞ്ഞതും മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നതുമായ അലോയ്, കാര്‍ബണ്‍ ഫൈബര്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഹൈപ്പര്‍കാര്‍ നിര്‍മിച്ചിരിക്കുന്നത്. സിംഗര്‍ 21സി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും നിര്‍മിച്ചതും ലോസ് ആഞ്ജലസിലാണ്. യന്ത്രങ്ങള്‍ക്കുപകരം തൊഴിലാളികളാണ് കാറിന്റെ ഫിറ്റ് ആന്‍ഡ് ഫിനിഷ് പൂര്‍ത്തിയാക്കിയത്.

ഹൈപ്പര്‍കാറിന്റെ ഹൈബ്രിഡ് ഡ്രൈവ്ട്രെയ്ന്‍ സിംഗര്‍ വെഹിക്കിള്‍സ് സ്വന്തമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച് നിര്‍മിച്ചതാണ്. ഇരട്ട ടര്‍ബോചാര്‍ജറുകള്‍ സഹിതം 2.88 ലിറ്റര്‍, ഫ്ളാറ്റ് ക്രാങ്ക് വി8 എന്‍ജിന്‍ കാറിന്റെ മധ്യത്തിലായി നല്‍കിയിരിക്കുന്നു. 1.9 സെക്കന്‍ഡ് മതി പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍.

Top