ലോക് ഡൗണില്‍ വാഹനങ്ങളെ മറന്ന് പോകല്ലേ; ചിലപ്പോള്‍ പിന്നീട് പണികിട്ടും

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക് ഡൗണിലാണ്. അത് കൊണ്ട് തന്നെ പലരും ഇപ്പോള്‍ വീട്ടില്‍ ഇരിപ്പാണ്. അവശ്യ സര്‍വ്വീസുകളെ മാത്രമാണ് ലോക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പുറത്ത് ഒന്നും പോകാന്‍ സാധിക്കാത്തത് കൊണ്ട് പലരുടേയും വീട്ടുമുറ്റത്തെ പാര്‍ക്കിങിലാണ് നീണ്ട കുറേ ദിവസങ്ങളായി വാഹനങ്ങളുടെ സ്ഥാനം. നേരത്തെ ഒക്കെ വിശ്രമമില്ലാതെ നിരത്തുകളില്‍ കറങ്ങി നടന്ന വാഹനങ്ങളാണിപ്പോള്‍ ആ പാര്‍ക്കിംഗ് സ്ഥാനത്ത് ഒതുങ്ങി കൂടി കഴിയുന്നത്.

എന്നാല്‍ ലോക് ഡണ്‍ ദിവസങ്ങളില്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുമ്പോള്‍ ഇടക്കെങ്കിലും വാഹങ്ങളെ ഒന്ന് ഓര്‍ക്കണം. ലോക് ഡൗണ്‍ കഴിഞ്ഞാല്‍ പിന്നെ ദൈംനദിന ജീവിതത്തില്‍ നമുക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഈ വാഹനങ്ങള്‍ .

ബാറ്ററി ഉള്‍പ്പെടെ വാഹനത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് പരിചരണം വേണ്ട കാലമാണിത്. ലോക്ക് ഡൗണ്‍ കാലത്ത് വാഹനങ്ങളെ പരിചരിക്കാന്‍ മറന്നാല്‍ ലോക്ക് ഡൗണ്‍ കഴിയുമ്പോള്‍ വാഹനം ബ്രേക്ക് ഡൗണ്‍ ആയേക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

പാര്‍ക്കിംഗ് ബ്രേക്ക് ഇടുന്നത് ഒഴിവാക്കുക പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാതിരിക്കുക. വാഹനം പരമാവധി ഗിയറില്‍ തന്നെ സൂക്ഷിക്കുക. കാരണം വളരെയധികം ദിവസങ്ങള്‍ വാഹനം ഉപയോഗിക്കാതിരിക്കുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് പുറകിലെ വീലുകള്‍ ജാം ആക്കുവാന്‍ സാധ്യതയുണ്ട്. വൃത്തിയായി സൂക്ഷിക്കുക വെറുതെ ഇട്ടിരിക്കുകയാണെന്നു കരുതി വാഹനത്തെ വൃത്തിയാക്കാതിരിക്കരുത്. അകം മാത്രമല്ല വാഹനത്തിന്റെ പുറവും ശുചിയാക്കിത്തന്നെ സൂക്ഷിക്കേണ്ടതാണ്. വാഹനം എപ്പോഴും തണലത്ത് പാര്‍ക്ക് ചെയ്യുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇടക്കിടെ സ്റ്റാര്‍ട്ട് ചെയ്യുക നാലഞ്ച് ദിവസത്തിലൊരിക്കല്‍ വാഹനം വെറുതെ സ്റ്റാര്‍ട്ട് ചെയ്യുന്നത് നന്നായിരിക്കും. 10 മുതല്‍ 15 മിനിറ്റ് വരെ സ്റ്റാര്‍ട്ട് ചെയ്തു ഇടുക അല്ലെങ്കില്‍ ഒന്നോ രണ്ടോ മീറ്റര്‍ വാഹനം മുന്നോട്ടും പുറകോട്ടും ഓടിക്കുക. വാഹനം ഒരു സ്ഥലത്തുതന്നെ കിടക്കുമ്പോള്‍ ടയറുകളില്‍ ഉണ്ടാകുന്ന ക്രാക്ക് മാര്‍ക്കുകള്‍ ഇല്ലാതിരിക്കാന്‍ ഇത് സഹായിക്കുന്നതാണ്.ആള്‍ട്ടര്‍നേറ്ററിന്റെയും ബാറ്ററിയുടേയും പ്രവര്‍ത്തനത്തിന് ഇത് സഹായിക്കും. മാത്രമല്ല സ്റ്റാര്‍ട്ട് ചെയ്തതിന് ശേഷം വാഹനത്തിന്റെ എസി,ഹോണ്‍, ലൈറ്റ്, വൈപ്പര്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം വര്‍ക്ക് ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കണം. വൈപ്പര്‍ ആം ഉയര്‍ത്തി വയ്ക്കുക വെറുതെ നിര്‍ത്തിയിടുന്ന കാലത്ത് വാഹനത്തിന്റെ വൈപ്പര്‍ ആം രണ്ടും വിന്‍ഡ്ഷീല്‍ഡില്‍ നിന്നും ഉയര്‍ത്തി വയ്ക്കുന്നത് നല്ലതാണ്. വൈപ്പര്‍ ബ്ലേഡിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും ഗ്ലാസ്സുമായി റബ്ബര്‍ പറ്റിപിടിക്കാതിരിക്കാനും ഇത് സഹായിക്കും.

ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട വാഹന ഭാഗമാണ് ബാറ്ററികള്‍. ഇഗ്നീഷ്യന്‍ സംവിധാനം, ലൈറ്റ്, ഹോണ്‍, സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ തുടങ്ങി എല്ലാത്തിലേയ്ക്കും വൈദ്യുതി എത്തിക്കുന്നത് ഈ ബാറ്ററികളാണ്. ഇവ പണി മുടക്കിയാല്‍ എട്ടിന്റെ പണിയാവും കിട്ടുക. അതുകൊണ്ട് ബാറ്ററിക്ക് കൃത്യമായ പരിചരണം അനിവാര്യമാണ്.കൂടുതല്‍ ദിവസം നിര്‍ത്തിയിടുന്നതിനാല്‍ ബാറ്ററി അഴിച്ചുവയ്ക്കുന്നതാണ് ഉചിതം. ഒരു മാസത്തില്‍ അധികം സമയം വാഹനം നിര്‍ത്തി ഇടുകയാണ് എന്നുണ്ടെങ്കില്‍ വാഹനത്തിന്റെ ബാറ്ററിയുടെ നെഗറ്റീവ് ടെര്‍മിനല്‍ ഡിസ്‌കണക്ട് ചെയ്തിടുന്നതും നന്നായിരിക്കും.

ഇലക്ട്രോലെറ്റിലെ ആസിഡിന്റെ അളവ് ഇടയ്ക്ക് പരിശോധിക്കുക. ബാറ്ററികളിലെ വോള്‍ട്ടേജ് നിലനിര്‍ത്തുന്ന പ്രധാന ഘടകമാണ് ആസിഡ്. മാസത്തില്‍ ഒരിക്കലെങ്കിലും ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലെവല്‍ പരിശോധിച്ച് അളവ് ഉറപ്പുവരുത്തുന്നത് നല്ലതാണ്. പുതിയ ബാറ്ററിയല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോഴുള്ള പരിശോധനയും നല്ലതാണ്. അടപ്പുകള്‍ മുറുക്കുക ബാറ്ററിയുടെ അടപ്പുകള്‍ നന്നായി മുറിക്കി വയ്ക്കുക.

ബാറ്ററി ടെര്‍മിനലുകള്‍ എപ്പോഴും വൃത്തിയാക്കി പെട്രോളിയം ജെല്ലി പുരട്ടിയാല്‍
തുരുമ്പ് വരാതെ സംരക്ഷിക്കാം. ബാറ്ററി മേല്‍ഭാഗം വൃത്തിയാക്കി സൂക്ഷിക്കണം. വെള്ളമുപയോഗിച്ച് വൃത്തിയാക്കാം. കേബിള്‍ കണക്ഷനുകളും വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കോബിളുകള്‍ വൈദ്യുതി പ്രവാഹം തടസപ്പെടുത്തും. ഇത് സ്റ്റാര്‍ട്ടിങ് ട്രബിളിനു കാരണാമാകുകയും ചെയ്യും.

Top