auto news demonitisation volvo auto india reduces

മൂല്യമേറിയ നോട്ടുകള്‍ പിന്‍വലിച്ചതു സൃഷ്ടിച്ച പ്രതിസന്ധി മൂലം ഇക്കൊല്ലത്തെ വില്‍പ്പന ഇടിയുമെന്ന് ആഡംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ ഓട്ടോ ഇന്ത്യയ്ക്കും ആശങ്ക. നോട്ടു്ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ വില്‍പ്പനലക്ഷ്യം പരിഷ്‌കരിക്കാനും ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബ്രാന്‍ഡായ വോള്‍വോ തീരുമാനിച്ചിട്ടുണ്ട്.

ഇക്കൊല്ലത്തെ വില്‍പ്പന വളര്‍ച്ച 10 ശതമാനത്തിലൊതുങ്ങുമെന്നാണു വോള്‍വോ ഓട്ടോ ഇന്ത്യയുടെ പുതുക്കിയ കണക്ക്. മുമ്പ് 25% വില്‍പ്പന വളര്‍ച്ചയാണു കമ്പനി ലക്ഷ്യമിട്ടിരുന്നതെന്നും വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ടോം വോണ്‍ ബോണ്‍സ്‌ഡ്രോഫ് വെളിപ്പെടുത്തി.

അതേസമയം നോട്ടുകള്‍ പിന്‍വലിച്ചതു മൂലം ആഡംബര കാര്‍ വില്‍പ്പനയ്ക്കു നേരിടുന്ന തിരിച്ചടി താല്‍ക്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂല്യമേറിയ ഇടപാടുകള്‍ക്കു സാഹചര്യം അനുകൂലമല്ലെന്ന വിലയിരുത്തലില്‍ ഇടപാടുകാര്‍ കാര്‍ വാങ്ങല്‍ പോലുള്ള തീരുമാനങ്ങള്‍ നീട്ടിവയ്ക്കുകയാണ്.

വാഹന വായ്പയെടുത്താണു ഭൂരിഭാഗം പേരും ആഡംബര കാറുകള്‍ വാങ്ങുന്നത്; അതുകൊണ്ടുതന്നെ അധികം വൈകാതെ കാര്‍ വില്‍പ്പന സാധാരണനിലയിലെത്തുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ‘എക്‌സ് സി 90’, ‘എസ് 90’, ‘വി 40’ തുടങ്ങിയ പുതിയ മോഡല്‍ അവതരണങ്ങളുടെ പിന്‍ബലത്തില്‍ ഇക്കൊല്ലം 25% വില്‍പ്പന വളര്‍ച്ച നേടാനാവുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ; എന്നാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായതോടെ വില്‍പ്പന 10 ശതമാനത്തിലൊതുങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസങ്ങളില്‍ മികച്ച വില്‍പ്പനയാണ് ഇന്ത്യന്‍ വിപണിയില്‍ നേടാനായത്. നോട്ട് പിന്‍വലിക്കല്‍ സൃഷ്ടിച്ച പ്രതിസന്ധി തികച്ചും താല്‍ക്കാലികമാവുമെന്നാണു പ്രതീക്ഷ. ഒപ്പം മൂല്യമേറിയ നോട്ടുകള്‍ പിന്‍വലിച്ചത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിനു ഗുണകരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം 1400 കാറുകളാണു വോള്‍വോ ഇന്ത്യയില്‍ വിറ്റത്; ഇക്കൊല്ലത്തെ വില്‍പ്പന 1,600 യൂണിറ്റായി ഉയരുമെന്നാണു പ്രതീക്ഷ. വില്‍പ്പന വളര്‍ച്ചയില്‍ സ്ഥിരത കൈവരിച്ചാല്‍ ഇന്ത്യയില്‍ നിര്‍മാണശാല സ്ഥാപിക്കുന്ന കാര്യം വോള്‍വോ പരിഗണിക്കുമെന്നു ടോം വോണ്‍ ബോണ്‍സ്‌ഡ്രോഫ് വെളിപ്പെടുത്തി.

Top