ഓട്ടോ എക്‌സ്‌പോ 2020; വിപണിയില്‍ പുതിയ പതിപ്പുകള്‍ എത്തും, കൂടെ ഇലക്ട്രിക്ക് വാഹനങ്ങളും

ഷ്യയിലെ ഏറ്റവും വലിയ വാഹന വിപണി ‘ഓട്ടോ എക്സ്പോ 2020’ന്റെ രണ്ടാം ദിവസമായ ഇന്ന് ധാരാളം വാഹനങ്ങളുടെ ലോഞ്ചുകളാണ് നടക്കുന്നത്. ഇത്തവണ ഹ്യൂണ്ടായ് എസ്യുവികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതുകൊണ്ടുതന്നെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ തങ്ങളുടെ പ്രീമിയം എസ്യുവി ടക്സണിന്റെ പുതിയ പതിപ്പ് എക്സ്പോയില്‍ പുറത്തിറക്കി. ഓള്‍-വീല്‍ ഡ്രൈവ്, പവര്‍ സീറ്റുകള്‍, എന്നി സവിശേഷതകളോടെയാണ് പുതിയ ടക്സണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഉപഭോക്തൃ പ്രതികരണത്തെ അടിസ്ഥാനമാക്കി എംജി മോട്ടോര്‍ ഇന്ത്യ 14 ഉല്‍പ്പന്നങ്ങളുടെ ആഗോള നിര പ്രദര്‍ശിപ്പിച്ചു. ലെവല്‍ -3 ഇന്റലിജന്റ് ഡ്രൈവിംഗ് നേടുന്ന ലോകത്തിലെ ആദ്യത്തെ ബഹുജന ഉല്‍പാദന മോഡലായ ഫ്യൂച്ചറിസ്റ്റ് കണ്‍സെപ്റ്റ് കാര്‍ മാര്‍വല്‍ എക്‌സ് ഗ്രേറ്റര്‍ നോയിഡയിലെ എക്സ്പോയില്‍ കമ്പനി പുറത്തിറക്കിയിരുന്നു.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്സ് തങ്ങളുടെ പ്രീമിയം എംപിവി കാര്‍ണിവല്‍ പ്രദര്‍ശിപ്പിച്ചു. 24.95 ലക്ഷം മുതല്‍ 33.95 ലക്ഷം രൂപ വരെയാണ് കാര്‍ണിവലിന്റെ വില.

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ബുധനാഴ്ച എഎംജി ജിടി 63 എസ് 4 മാറ്റിക് 4-ഡോര്‍ കൂപ്പെ ഇന്ത്യയില്‍ പുറത്തിറക്കി. 2.42 കോടി രൂപയാണ് എക്‌സ് ഷോറൂം വില. വരാനിരിക്കുന്ന മോഡലുകളായ എ-ക്ലാസ് ലിമോസിന്‍, പുതിയ ജിഎല്‍എ എസ്യുവി എന്നിവ യഥാക്രമം ഈ വര്‍ഷം ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. നാല് സീറ്ററായ ലോകത്തിലെ ഏറ്റവും വേഗതയേറിയ സീരീസാണ് എഎംജി ജിടി 63 എസ് 4 മാറ്റിക് 4-ഡോര്‍ കൂപ്പെ എന്ന് മെഴ്സിഡസ് ബെന്‍സ് അവകാശപ്പെട്ടു. ഏപ്രിലില്‍ ഇലക്ട്രിക് എസ്യുവി ഇക്യുസി മോഡല്‍ പുറത്തിറക്കുന്നതോടെ കമ്പനി ഇന്ത്യയില്‍ ഇവി യാത്ര ആരംഭിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് അടുത്ത വര്‍ഷത്തില്‍ ടാറ്റ മോട്ടോഴ്സ് കുറഞ്ഞത് നാല് ഉല്‍പ്പന്നങ്ങള്‍ കൂടി വിപണിയിലെത്തിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

Top