വാഹന വിപണി നേരിടുന്നത് കടുത്ത മാന്ദ്യം: പ്ലാന്റുകള്‍ അടച്ച് കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് വാഹന വിപണി കടുത്ത മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. വില്‍പ്പന കുറഞ്ഞത് മൂലം ഇരുചക്ര-കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ വില്‍പ്പന കുറക്കുയും പ്ലാന്റുകള്‍ അടച്ചിടുകയുമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ പ്ലാന്റുകള്‍ അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാസം 16 ,17 ,18 തീയതികളിലാണ് എല്ലാ പ്ലാന്റുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നത്. ബൈക്കുകള്‍ കമ്പനിയില്‍ കെട്ടികിടക്കുന്നതാണ് പ്ലാന്റുകള്‍ അടയ്ക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു.

കാര്‍ നിര്‍മാതാക്കള്‍ മാന്ദ്യം കാരണം മുന്‍പ് അടച്ച് പൂട്ടല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു ഇരു ചക്ര വാഹന കമ്പനി ഉത്പാദനം നിര്‍ത്തുന്നതായി അറിയിക്കുന്നത് ഇതാദ്യമാണ്. ഹീറോയ്ക്ക് ഇന്ത്യയില്‍ അഞ്ചു പ്ലാന്റുകളാണുള്ളത്.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ എട്ടു മുതല്‍ 14 ദിവസം വരെ നിര്‍മാണം നിര്‍ത്തി വയ്ക്കുമെന്ന് മഹിന്ദ്ര ആന്‍ഡ് മഹിന്ദ്രയും അറിയിച്ചിരുന്നു.കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മാന്ദ്യമാണ് ഇന്ത്യയിലെ വാഹന വിപണി നേരിട്ടുകൊണ്ടിരിക്കുന്നത്.

ടാറ്റ മോട്ടോര്‍സ് എട്ടു ദിവസവും മാരുതി മൂന്ന് ദിവസവും ഉത്പാദനം നിര്‍ത്തും. ടൊയോട്ട എട്ടും അശോക് ലെയ്ലാന്‍ഡ് 9 ദിവസവും ബോഷ് പത്തു ദിവസവും പ്ലാന്റുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജംനാ ആട്ടോ 20 ദിവസത്തേക്ക് ഉത്പാദനം ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വാഹനവിപണിയിലെ തിരിച്ചടി മൂലം സ്പെയര്‍പാര്‍ട്സ് നിര്‍മാണമേഖലയില്‍ ഒരു വര്‍ഷത്തിനിടെ 11 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടരിക്കുന്നത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഏഴ് ശതമാനം മോട്ടോര്‍വാഹന നിര്‍മാണ മേഖലയില്‍നിന്നാണ്. റിയല്‍എസ്റ്റേറ്റ് തകര്‍ന്നപ്പോഴും വിപണി പിടിച്ചുനിര്‍ത്തിയത് വാഹനമേഖലയാണ്.

Top