Auto Expo 2016: Toyota Innova Crysta revealed

കൊച്ചി: ടൊയോട്ട ഇന്നോവയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്നോവ ക്രിസ്റ്റ വിപണിയിലെത്തി. മുന്‍ഗാമിയില്‍ നിന്ന് രൂപകല്പനയിലും ഫീച്ചറുകളിലും ഒട്ടേറെ പുതുമകളുമായാണ് ഇന്നോവ ക്രിസ്റ്റ എത്തിയത്.

നിലവിലെ ഇന്നോവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ക്രിസ്റ്റയുടെ മുന്‍ഭാഗവും പിന്‍ഭാഗവും. ഇന്നോവയില്‍ നിന്ന് ക്രിസ്റ്റയിലെത്തുമ്പോള്‍ ബോഡി അല്പം വലുതായിട്ടുണ്ട്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഏഴിഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, നാവിഗേഷന്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്ര്, 17 ഇഞ്ച് അലോയ് വീലുകള്‍, ക്രൂസ് കണ്‍ട്രോള്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്രോപ്പ് ബട്ടണ്‍ എന്നിവ ക്രിസ്റ്റയിലെത്തുമ്പോള്‍ കാണാവുന്ന പുതുമകളാണ്.

കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഇന്ത്യന്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ ശ്രേണിയില്‍ മികച്ച വില്പന കാഴ്ചവയ്ക്കുന്ന വാഹനമാണ് ടൊയോട്ട ഇന്നോവ. ക്രോം വിന്‍ഡോ ലൈനിംഗ്, ഈസി ക്‌ളോസര്‍ ബാക്ക് ഡോര്‍, റിയര്‍ ഓട്ടോ കൂളറുള്‍പ്പെടുന്ന ക്‌ളൈമറ്റ് കണ്‍ട്രോള്‍, സ്റ്റാന്‍ഡേഡ് എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയും ഇന്നോവ ക്രിസ്റ്റയുടെ മികവുകളാണ്.

പെട്രോള്‍, ഡീസല്‍ വേരിയന്റുകളുണ്ട്. മുന്‍ഗാമിയേക്കാള്‍ പത്ത് ശതമാനം അധികം ഇന്ധനക്ഷമതയുള്ളതാണ് പുതിയ 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനെന്ന് ടൊയോട്ട പറയുന്നു.

Top