പൊലീസിന്റെ ‘പൊല്‍ ആപി’നെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവര്‍മാര്‍

കോട്ടക്കല്‍: പൊലീസ് തയാറാക്കിയ ആപ്ലിക്കേഷന്‍ ‘പൊല്‍ ആപി’നെതിരെ പരാതിയുമായി ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്ത്. കോവിഡ് കാലത്ത് ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികളുടെ മേല്‍ ആപ് അമിതഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നും അഴിമതിക്ക് വഴിവെക്കുന്നുവെന്നും കാണിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിക്കഴിഞ്ഞു.

കോവിഡ് കാലത്ത് തൊഴിലാളികളുടെ കൈയില്‍ നിന്ന് ആപ്പിന്റെ പേരില്‍ പണം പിരിക്കുന്നുവെന്നാണ് പൊലീസിനെതിരേയുള്ള ആരോപണം. പെര്‍മിറ്റ് പുതുക്കുന്നതിനായി ആധാര്‍ അടക്കമുള്ള രേഖകള്‍ വേണമെന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ലോക്ഡൗണിന് മുമ്പ് ഡ്രൈവര്‍മാര്‍ രേഖകള്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

എന്നാല്‍, ചെക്ക്ഡ് നമ്പര്‍ വാങ്ങുന്നതിനായി സ്റ്റേഷനില്‍ പോയപ്പോള്‍ പെര്‍മിറ്റ് പുതുക്കുന്നതിനായി സ്മാര്‍ട്ട് കെ.കെ.എല്‍. എന്ന പേരില്‍ ആപ്ലിക്കേഷന്‍ തയാറാക്കിട്ടുണ്ടെന്നും പെര്‍മിറ്റ് പുതുക്കുന്നതിന് 70 രൂപ അടക്കണമെന്നും ആവശ്യപ്പെട്ടുവത്രെ. സാധാരണ പെര്‍മിറ്റ് പുതുക്കുന്ന സമയത്ത് 20 രൂപയാണ് ഈടാക്കിയിരുന്നത്. ആപ്ലിക്കേഷനുള്ള ചെലവാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

1362 ഓട്ടോകള്‍ നിലവില്‍ കോട്ടക്കല്‍ പെര്‍മിറ്റില്‍ ഓടുന്നുണ്ടെന്നും വലിയ സാമ്പത്തിക അഴിമതിയാണ് ഇതിന്റെ പേരില്‍ നടക്കുന്നുതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. രശീതി നല്‍കാതെയാണ് ഡ്രൈവര്‍മാരില്‍ നിന്ന് 70 രൂപ വീതം ഈ ലോക്ഡൗണ്‍ ദുരിതകാലത്ത് വാങ്ങുന്നത്. പെര്‍മിറ്റ് പുതുക്കുന്നതിന് അനാവശ്യമായി പണം വാങ്ങി ഡ്രൈവര്‍മാരെ ചൂഷണം ചെയ്ത് കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും ഇവര്‍ പറയുന്നു.

വേങ്ങരയിലെ ഗ്ലോബല്‍ ഈസി ട്രേഡ് സൊലുഷന്‍ എന്ന സ്ഥാപനമാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചിട്ടുള്ളത്. കോട്ടക്കല്‍ പെര്‍മിറ്റുള്ള എല്ലാ ഓട്ടോ ഡ്രൈവര്‍മാരുടെയും ആധാര്‍ അടക്കമുള്ള രേഖകള്‍ ആപ്ലിക്കേഷന്‍ കമ്പനിക്ക് നല്‍കി കഴിഞ്ഞു. വ്യക്തിപരമായ രേഖകള്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതിലൂടെ വിവരങ്ങള്‍ പലതരത്തില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഡ്രൈവര്‍മാരുടെ ആരോപണം.

ആപ്ലിക്കേഷന് നടപടികള്‍ നിര്‍ത്തിവെക്കുന്നതിന് വേണ്ട അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

അതേസമയം, ഓട്ടോ ഡ്രൈവര്‍മാരുടെ പരാതി അടിസ്ഥാനരഹിതമാണെന്നും നടപടികള്‍ സുതാര്യമാണെന്നും എസ്.ഐ റിയാസ് ചാക്കീരി അറിയിച്ചു. ആപ് സംവിധാനം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. നേതാക്കളുടെ ഉറപ്പിലാണ് ആപ് യാഥാര്‍ഥ്യമാക്കിയത്. താല്‍പര്യമുള്ളവര്‍ക്ക് സംവിധാനം ഉപയോഗപ്പെടുത്താം. പണമിടപാടുകള്‍ക്ക് രശീത് നല്‍കുന്നുണ്ട്. യാത്രക്കാരും ഡ്രൈവര്‍മാരും തമ്മിലെ ബന്ധം കൂടുതല്‍ സൗഹൃദമാക്കുകയെന്നതാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും എസ്.ഐ പറഞ്ഞു.

Top