ഓട്ടോ ഡ്രൈവര്‍ കോടീശ്വരനായത് ഇങ്ങനെ; വെളിപ്പെടുത്തലുമായി അമേരിക്കന്‍വനിത

ബെംഗളൂരു: കോടീശ്വരനായ ഓട്ടോ ഡ്രൈവറുടെ കഥ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ചകള്‍ക്കിടവെച്ചിരുന്നു. ഒരു ഓട്ടോ ഡ്രൈവര്‍ക്കെങ്ങനെ കോടികള്‍ വിലമതിക്കുന്ന വീട് വാങ്ങാനാവും, അപ്പോള്‍ അയാള്‍ ആരുടെയോ ബിനാമിയാണ് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ആ വിഷയത്തെ ചുറ്റിപ്പറ്റി പ്രചരിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ ഇതാ ആ ചര്‍ച്ചകള്‍ക്കെല്ലാം അവസാനം കുറിച്ച് ഒരു അമേരിക്കന്‍ വനിത രംഗത്തെത്തിയിരിക്കുകയാണ്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആദായനികുതിവകുപ്പിന്റെ നിരീക്ഷണത്തിന് വിധേയനായ ഓട്ടോഡ്രൈവര്‍ക്ക് ആഡംബരവില്ല വാങ്ങി നല്‍കിയത് താനാണെന്ന് വെളിപ്പെടുത്തിയാണ് അമേരിക്കന്‍വനിത രംഗത്തെത്തിയിരിക്കുന്നത്.

2006 മുതല്‍ 2010 വരെയാണ് അമേരിക്കന്‍ വനിതയായ ലാറ എവിസണ്‍ ബെംഗളൂരുവില്‍ താമസിച്ചത്. വൈറ്റ് ഫീല്‍ഡിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഓഫീസിലേക്കും വീട്ടിലേക്കും യാത്ര ചെയ്തിരുന്നത് സുബ്രമണിയുടെ ഓട്ടോയിലായിരുന്നു. സുബ്രമണിയുടെ കുടുംബവുമായി അടുത്ത ലാറ എവിസണ്‍ സാമ്പത്തികബുദ്ധിമുട്ട് മനസിലാക്കി വില്ല വാങ്ങാന്‍ പണം നല്‍കുകയായിരുന്നു. ഇക്കാര്യം സുബ്രമണി ആദായനികുതി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വില്ല വാങ്ങിയതിന്റെ എല്ലാ തെളിവുകളും ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സുബ്രമണി പറഞ്ഞു.

സുബ്രമണി ആഡംബരവില്ല സ്വന്തമാക്കിയ വിവരം അയല്‍ക്കാരാണ് അധികൃതരെ അറിയിച്ചത്. ഇയാള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും ബിനാമിയാണെന്നും ആരോപിച്ചിരുന്നു. തുടര്‍ന്ന് ആദായനികുതിവകുപ്പ് വില്ലയില്‍ പരിശോധന നടത്തുകയും സുബ്രമണിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Top