വനം വകുപ്പല്ല, ആ കുഞ്ഞിനെ രക്ഷിച്ചത് ഓട്ടോ ഡ്രൈവര്‍; സിസിടിവി ദൃശ്യങ്ങള്‍ തെളിവ്

തൊടുപുഴ: മൂന്നാര്‍ രാജമലയില്‍ ഒടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് റോഡിലേയ്ക്ക് തെറിച്ച് വീണ കുഞ്ഞിന് രക്ഷകനായത് ഓട്ടോഡ്രൈവര്‍. ഇതോടെ കുഞ്ഞിനെ രക്ഷിച്ചത് തങ്ങളാണെന്ന വനപാലകരുടെ വാദമാണ് ഇവിടെ പൊളിഞ്ഞത്. ഓട്ടോ ഡ്രൈവര്‍ കനകരാജ് കുഞ്ഞിനെ രക്ഷിച്ച് ചെക്ക്‌പോസ്റ്റില്‍ എത്തിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

റോഡില്‍ വീണ് കിടക്കുന്ന കുഞ്ഞിനെ കണ്ട് കുഞ്ഞ് മനുഷ്യ ജീവി തന്നെയാണോ എന്ന സംശയത്തില്‍ വനം വകുപ്പ് വാച്ചര്‍മാര്‍ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ആ സമയം അവിടെ എത്തിയ കനകരാജ് റോഡില്‍ കിടക്കുന്ന കുഞ്ഞിനെ എടുക്കയും വനപലാകരുടെ അടുത്ത് എത്തിക്കുകയും ചെയ്തു. തന്നെ കണ്ടതോടെ അമ്മേ എന്നാണു കുഞ്ഞു വിളിച്ചതെന്നു കനകരാജ് പൊലീസിനോട് പറഞ്ഞു.

വനപാലകര്‍ പറഞ്ഞതില്‍നിന്നു വ്യത്യസ്തമായി സിസിടിവിയില്‍ മൂന്നാമതൊരാളെ കൂടി കണ്ടതോടെ മൂന്നാര്‍ പോലീസ് ഇതേ കുറിച്ച് അന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് റോഡില്‍ വീണ കുഞ്ഞിന് യഥാര്‍ഥത്തില്‍ രക്ഷകനായത് ഈ ഓട്ടോ ഡ്രൈവറാണെന്ന് കണ്ടെത്തിയത്.

കമ്പിളിക്കണ്ടം സ്വദേശികളായ സതീഷ്-സത്യഭാമ ദമ്പതികളുടെ കുഞ്ഞായിരുന്നു അപകടത്തില്‍ പെട്ടത്. മൂന്നുമണിക്കൂര്‍ സഞ്ചരിച്ച് വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ നഷ്ടമായ വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. രാജമല അഞ്ചാംമയിലില്‍ വച്ചായിരുന്നു സംഭവം. വളവ് തിരിയുന്നതിനിടയില്‍ മാതാവിന്റെ കയ്യില്‍ നിന്നും കുഞ്ഞ് തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ട് പോകുകയും ചെയ്തു. തലയ്ക്കു പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ പിന്നീട് വനംവകുപ്പ് ഓഫീസില്‍ എത്തിക്കുകയായിരുന്നു.

Top