ഗതാഗത നിയമ ലംഘനം; പിഴ കണ്ട് കണ്ണ് തള്ളി ഓട്ടോ ഡ്രൈവര്‍

ഗുരുഗ്രാം: ഗതാഗത നിയമം ലംഘിച്ച ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഡ്രൈവിംഗ് ലൈസന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് എന്നിങ്ങനെ ഒരു രേഖകളും ഇല്ലാതെ ഓട്ടോയുമായി നിരത്തില്‍ ഇറങ്ങിയതോടെയാണ് 32,500 രൂപ പിഴ വന്നത്.

പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ വന്‍ പണി കിട്ടിയത്. കഴിഞ്ഞ ദിവസം ഹെല്‍മറ്റും രേഖകളുമില്ലാതെ ബൈക്കോടിച്ച യുവാവിന് 23,000 രൂപ ചുമത്തിയിരുന്നു. തിങ്കളാഴ്ചയാണ് ദിനേഷ് മദന്‍ എന്ന യുവാവിന് പൊലീസ് നോട്ടീസ് നല്‍കിയത്.ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ യുവാവ് ഹാജരാക്കിയില്ലെന്ന് പൊലീസ് അറിയിച്ചു. യുവാവ് ഹെല്‍മറ്റും ധരിച്ചിരുന്നില്ല.

സെപ്റ്റംബര്‍ ഒന്നുമുതലാണ് വാഹനഗതാഗത നിയമ ലംഘനത്തിന് വന്‍ പിഴ ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കി തുടങ്ങിയത്.

Top