അധികൃതര്‍ കൈയ്യൊഴിഞ്ഞ പട്ടിക്ക് ചികിത്സ നല്‍കി സന്നദ്ധ പ്രവര്‍ത്തകര്‍

നിലമ്പൂര്‍: മൃഗാശുപത്രി ഡോക്ടറും പഞ്ചായത്ത് പ്രസിഡന്റും കഴുത്തില്‍ പരിക്കേറ്റ് തെരുവില്‍ അലഞ്ഞ നായയെ കരുണയില്ലാതെ കൈയ്യൊഴിഞ്ഞപ്പോള്‍ ചികിത്സ നല്‍കിയത് സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ. ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം അങ്ങാടിയില്‍ ഒരാഴ്ചയായി കഴുത്തില്‍ മുറിവേറ്റ് അലഞ്ഞ തെരുവുനായക്കാണ് പുതുജീവന്‍ ലഭിച്ചത്.

പരിക്കേറ്റ തെരുവുനായക്ക് ചികിത്സ തേടി മിത്രജ്യോതി ട്രൈബല്‍ ഡെവലപ്പ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അജു കോലാത്തും സോളമനുമാണ് ചാലിയാര്‍ പഞ്ചായത്ത് മൃഗാശുപത്രി ഡോക്ടറെ സമീപിച്ചത്.

വളര്‍ത്തുമൃഗങ്ങളെ മാത്രമേ ചികിത്സിക്കാന്‍ കഴിയൂ തെരുവുപട്ടിയെ ചികിത്സിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ കൈയ്യൊഴിയുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡയറക്ടറെ വിളിച്ചപ്പോള്‍ വളര്‍ത്തു മൃഗങ്ങളെ മാത്രമേ മൃഗാശുപത്രിയില്‍ ചികിത്സിക്കാന്‍ കഴിയൂ എന്ന നിലപാടറിയിച്ചു.

ഇതോടെ സഹായം തേടി ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടു. തെരുവുനായയെ ചികിത്സിക്കാന്‍ ഫണ്ട് ഉണ്ടോ എന്ന് നോക്കണമെന്നായി പ്രസിഡണ്ടിന്റെ നിലപാട്.

ഇതോടെയാണ് തെരുവുനായയുടെ ദുരിതം വിവരിച്ച് അജു കോലോത്ത് സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടത്. ഇതോടെ മൃഗസംരക്ഷണ പ്രവര്‍ത്തക സാലി വര്‍മ്മ അടക്കമുള്ളവര്‍ ഇടപെടുകയായിരുന്നു.

നിലമ്പൂരിലെ പൊതുപ്രവര്‍ത്തകന്‍ ലാല്‍ജോസഫിന്റെ ഇടപെടലില്‍ നിലമ്പൂര്‍ എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്സിലെ മജീദും സംഘവുമെത്തി തെരുവുനായയെ പിടികൂടി മയക്കിയ ശേഷം പഴുപ്പുകയറിയ മുറിവ് വൃത്തിയാക്കി മരുന്നുവെച്ചു. നായയുടെ പരിചരണം മിത്രജ്യോതി പ്രവര്‍ത്തകരാണ് ഏറ്റെടുത്തിരിക്കുന്നത്.

Top