കാശി ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകള്‍ അടച്ചുപൂട്ടിച്ച് അധികൃതര്‍

ലഖ്നൗ: കാശി ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകള്‍ അടച്ചുപൂട്ടിച്ച് അധികൃതര്‍. കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മാംസ, മദ്യ വില്‍പനശാലകളാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘവും പൊലീസും ചേര്‍ന്ന് പൂട്ടി സീല്‍ ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.വെള്ളിയാഴ്ചയാണ് ഈ തീരുമാനം നടപ്പാക്കിയത്. കടയുടമകളോട് വീണ്ടും കടകള്‍ തുറക്കരുതെന്നും നഗരസഭ നിര്‍ദേശിച്ചിട്ടുണ്ട്. ആരെങ്കിലും ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. കൂടാതെ, ധാരാളം വിദേശ വിനോദ സഞ്ചാരികളും ഇവിടെയെത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അനധികൃത കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിക്കാന്‍ ജില്ലാ ഭരണകൂടം അടുത്തിടെ തീരുമാനിച്ചിരുന്നു.

നായി സഡക്, ബെനിയ, ഷെയ്ഖ്സലിം ഫടക്, സരായ് ഗോവര്‍ദ്ധന്‍ തുടങ്ങിയ പ്രദേശങ്ങളിലെ കടകള്‍ അടച്ചതായി മൃഗ, മെഡിക്കല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഡോ.അജയ് പ്രതാപ് സിംഗ് പറഞ്ഞു.നേരിയ എതിര്‍പ്പും ടീമിന് നേരിടേണ്ടി വന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള ഇത്തരം കടകളില്‍ സംഘം തുടര്‍ച്ചയായി നിരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കടകള്‍ അടയ്ക്കുന്നതിനൊപ്പം നോട്ടീസും ഒട്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Top