കുംഭമേള അവസാനിപ്പിക്കില്ലെന്ന് അധികൃതര്‍

കൊവിഡ് ബാധകള്‍ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലും കുംഭമേള അവസാനിപ്പിക്കില്ലെന്ന് അധികൃതര്‍. മേള ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ, കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച മേള അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനെ തള്ളിക്കൊണ്ടാണ് അധികൃതരുടെ പ്രഖ്യാപനം. ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്ക് പിന്നാലെയാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹരിദ്വാറില്‍ വൈറസ് ബാധിച്ചത് 1500ലധികം ആളുകള്‍ക്കാണ്. ചൊവ്വാഴ്ച 594 കേസുകളും തിങ്കളാഴ്ച 408 കേസുകളും ബുധനാഴ്ച 525 കൊവിഡ് കേസുകളും ഹരിദ്വാറില്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്ത് ലക്ഷത്തോളം വരുന്ന ആളുകളാണ് കുംഭമേളയ്ക്കായി ഹരിദ്വാറില്‍ ഒരുമിച്ച് കൂടിയിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ഷാഹി സ്‌നാനില്‍ ഒരു ലക്ഷത്തോളം ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഗംഗാതീരത്ത് പങ്കെടുത്തിരുന്നു. മാസ്‌കും സാമൂഹിക അകലവുമൊന്നും ഇല്ലാതെയാണ് ഇവര്‍ ഒരുമിച്ച് കൂടിയത്.

വിശ്വാസികള്‍ക്കൊപ്പം പതിനായിരക്കണക്കിന് പൂജാരികളും ഹരിദ്വാറില്‍ ഉണ്ട്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനകള്‍ ഉണ്ടെങ്കിലും അതൊന്നും പലരും പാലിക്കുന്നില്ലെന്നാണ് വിവരം. കുംഭമേളയില്‍ ഉയര്‍ത്തിയിരിക്കുന്ന പോസ്റ്ററുകളില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ലക്ഷങ്ങള്‍ പങ്കെടുക്കുന്ന കുംഭമേളയില്‍ സാമൂഹിക അകലം പാലിക്കുക എന്നത് അസാധ്യമാണെന്ന് വിശ്വാസികള്‍ പറയുന്നു.

 

Top